ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ചത്.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്ന് സ്വപ്ന പറഞ്ഞു.
ഒരാഴ്ചത്തെ സമയം തനിക്ക് തരാം. മക്കളെയും കൊണ്ട് ബംഗളൂരുവിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണം.
അവിടെ നിന്നും ഒരു മാസത്തിനുള്ളിൽ യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാൻ വീസ നൽകാമെന്നും വാഗ്ദാനം ചെയ്തു.
അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ക്ക് തയാറായില്ലെങ്കില്‍ തന്റെ ആയുസിന് ദോഷംവരുത്തുമെന്നും ഭീഷണിപ്പെടുത്തി.
എം.വി. ഗോവിന്ദൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞാണ് വിജയ് പിള്ള തന്നെ സമീപിച്ചത്. സ്വപ്നയെ തീർത്തുകളുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞുവെന്നും വിജയ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് വിജയ് പിള്ള വിളിച്ചത്.
കേസ് കെട്ടിച്ചമച്ച് യൂസഫലി തന്നെ കുടുക്കുമെന്ന് വിജയ് പറഞ്ഞു. വിമാനത്താവളത്തിൽവച്ച് കുടുക്കാൻ യുസഫലിക്ക് എളുപ്പമെന്നും അദ്ദേഹം പറഞ്ഞു.
യൂസഫലിയുടെ പേര് ഒരു കാരണവശാലും പുറത്തു പറയരുത്. അദ്ദേഹം യുഎഇ കേന്ദ്രീകരിച്ച് തനിക്ക് പണി തരും
ഇദ്ദേഹത്തിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഷെയറുകളും സംസ്ഥാനത്ത് കൃത്യമായ സ്വാധീനവുമുണ്ടെന്നും വിജയ് പിള്ള പറഞ്ഞു.
താൻ ഒത്തുതീർപ്പിന് വഴങ്ങുമെന്ന് പിണറായി വിജയൻ കരുതരുത്. എന്തുവന്നാലും പിണറായിക്കെതിരെ എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിയും കുടുംബവും തന്നെ ഉപയോഗപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു.
വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇഡിയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.