കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനാണ് വിജയ് പിള്ളയെന്ന താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിജയ് അവകാശപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ്. തനിക്കെതിരെ ഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ലെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും സ്വപ്ന വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ദൂതനെ അയച്ചുവെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടി നൽകവേയാണ് സ്വപ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നും സ്വപ്ന അറിയിച്ചു.
വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല; വിജയ് പിള്ള വഴി ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള അറിയിച്ചിരുന്നു.
വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ 10 ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും സ്വപ്ന വ്യക്തമാക്കി.