കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിനു തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിനു പ്രഥമദൃഷ്ട്യാ, തെളിവില്ലെന്നു ഹൈക്കോടതി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, അഞ്ചാം പ്രതി കെ.ടി. റമീസ്, ആറാം പ്രതി കെ.എം. ജലാല്‍, ഏഴാം പ്രതി പി. മുഹമ്മദ് ഷാഫി, പത്താം പ്രതി റബിന്‍സ് മുഹമ്മദ്, പതിനൊന്നാം പ്രതി കെ.ടി. ഷറഫുദ്ദീന്, പന്ത്രണ്ടാം പ്രതി മുഹമ്മദ് അലി എന്നിവര്‍ക്കു ജാമ്യം നല്‍കിയാണു കോടതി നിരീക്ഷണം.
കര്‍ശന വ്യവസ്ഥകളോടെയാണു ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്.
നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താല്‍ പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പറയാനാവില്ല.
യുഎപിഎ നിയമത്തിലെ 15-ാം വകുപ്പു പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കുന്ന തരത്തില്‍ ഉന്നതനിലവാരമുള്ള വ്യാജ കറന്‍സിയോ നാണയങ്ങളോ അതുപോലെയുള്ള മറ്റു സാധനങ്ങളോ കടത്തിയെന്നു പോലും പറയാനാവില്ല.
മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ തള്ളിയ സ്പെഷല്‍ കോടതി വിധിയിലോ, കുറ്റപത്രത്തിലോ മറ്റേതെങ്കിലും തരത്തില്‍ തീവ്രവാദവുമായി ബന്ധമുണ്ടെന്നു പറയുന്നില്ല.
സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച തുക തീവ്രവാദത്തിനുപയോഗിച്ചതായി രേഖകളിലോ ആരോപണങ്ങളിലോ കാണുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നാശമുണ്ടാക്കിയെന്നും തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നതല്ലാതെ പ്രതികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ല.
ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും കേസ് നിലനില്‍ക്കുമോയെന്നു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകാരായ ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചില്ലേ…
കേവലം സ്വര്‍ണക്കടത്തുകാരായ ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചില്ലേ എന്നാണ് സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ വിലപിച്ചതെന്നും ഇത് “വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ…” എന്ന അയ്യപ്പപ്പണിക്കരുടെ വിഖ്യാത കവിതയെ ഓര്മപ്പെടുത്തുന്നതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതികള്‍ക്കെതിരേ തീവ്രവാദ നിരോധന നിയമത്തിലെ 15-ാം വകുപ്പു പ്രകാരമുള്ള കുറ്റമാണു പ്രധാനമായും ചുമത്തിയിട്ടുള്ളത്.
രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കള്ളനോട്ടുകളും കള്ളനാണയങ്ങളും മറ്റു വസ്തുക്കളും കള്ളക്കടത്തു നടത്തുന്നതും തീവ്രവാദപ്രവര്‍ത്തനമാണ്.
പ്രതികള്‍ക്ക് ഇതു ബാധകമാണെന്നായിരുന്നു എന്‍ഐഎയുടെ വാദം. എന്നാല്‍, സ്വര്‍ണം ഇതില്‍ ഉള്‍പ്പെടില്ലെന്ന പ്രതികളുടെ വാദം ഹൈക്കോടതി ശരിവച്ചു.
സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും
കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇഎന്ഐഎ കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. ഒരു വർഷത്തിനു ശേഷമാണ് സ്വപ്ന ജയിലിനു പുറത്തിറങ്ങുന്നത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സ്വപ്ന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
2020 ജൂലൈ 11നാണ് സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വി മാനത്താവളത്തിൽ വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പി ടികൂടിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി, എന്‍ഐഎ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലുമാണു സ്വപ്നയ്ക്കെതിരേ ഉണ്ടായിരുന്നത്.
ഇതിൽ കസ്റ്റംസ് കേസിലും ഇഡി കേസിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ നിയമപ്രകാരം ചുമത്തിയ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കു കയും ചെയ്തു.