തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനെതിരേ വ്യാജ പരാതികൾ ചമച്ച സംഭവത്തിൽ അറസ്റ്റിലായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനായിരുന്ന എൽ.എസ്. സിബുവിനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിലാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കൊഫോപോസ തടവുകാരിയായ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.
തുടർന്ന് ഓണ്‍ലൈനായി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 22 വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകുകയായിരുന്നു.
സിബുവിനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിൽ സ്വപ്നവയ്ക്കൊപ്പം എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ പേരിലായിരുന്നു സിബുവിനെതിരേ പരാതി ഉയർന്നത്.
തുടർന്ന് ജീവനക്കാരിൽ നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തെങ്കിലും പരാതി നൽകിയ കാര്യം ആരും അറിഞ്ഞിരുന്നില്ല.
എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കേ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തി, സിബുവിനെതിരേ കള്ളപരാതി നൽകിയെന്നാണു കണ്ടെത്തിയത്.