കൊച്ചി: സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഇന്നു പോലീസിനു മുന്നിൽ ഹാജരാകും.
സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് തമിഴ്നാട്ടിലേക്കു പോയ ഷാജ് കിരണ് കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഫോണിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഇരുവരും തമിഴ്നാട്ടിലേക്കു പോയെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പോലീസ് ക്ലബിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തുക.
അതേസമയം സ്വപ്നയുടെ ആരോപണങ്ങളെത്തുടർന്നുള്ള കേസിൽ ഷാജ് കിരണും ഇബ്രാഹിമും പ്രതികളല്ലെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഇവർക്കെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും സർക്കാർ കോടതിയിൽ പറയുകയുണ്ടായി.
ഇതേത്തുടർന്ന് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. തുടർന്നാണ് ഇരുവരും ഇന്ന് പോലീസിനു മുന്നിൽ ഹാജരാകുന്നതെന്നും സൂചനയുണ്ട്.
സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറി
അതേസമയം സ്വപ്നയുടെ രഹസ്യമൊഴി ഇഡി കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഉന്നതർക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകൾ ഉള്ളതിനാൽ ഇനി കേന്ദ്ര ഡയറക്ടറേറ്റിന്റെ നിർദേശമനുസരിച്ചായിരിക്കും ഇഡി തുടർ നടപടികളെടുക്കുക.
കേന്ദ്ര ഡയറക്ടറേറ്റ് മൊഴി വിശദമായി പരിശോധിച്ചു വരുകയാണ്. കേന്ദ്ര ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം വരും ദിവസം ഇഡി സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി, ഭാര്യ, മകൾ, മുൻമന്ത്രി എന്നിവർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് മൊഴിയിലുളളതെന്നും സൂചനയുണ്ട്.
നേരത്തെ കള്ളപ്പണ കേസ് അന്വേഷിച്ച ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തന്നെയായിരിക്കും തുടരന്വേഷണവും നടക്കുക.
വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വീണ്ടും ഗുരുതരണ ആരോപണങ്ങളും മുന്നറിയിപ്പുകളുമായി ഇന്നലെയും സ്വപ്ന രംഗത്തെത്തി.
താൻ ജയിലിൽ കിടന്നപ്പോൾ വിവാദ വനിതയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കുമൊപ്പമിരുന്നു പലവട്ടം ചർച്ചകൾ നടത്തി തീരുമാനം എടുത്തതൊക്കെ മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച് ഓർമിപ്പിച്ചുകൊടുക്കുമെന്ന് അഭിഭാഷകൻ ആർ. കൃഷ്ണരാജിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കവേ സ്വപ്ന കൊച്ചിയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ട്. രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നു. പിൻമാറണമെങ്കിൽ തന്നെ കൊല്ലണം.
എത്ര കേസെടുത്താലും ജയിലിലടച്ചാലും അതിനു മാറ്റമില്ല. ഗൂഢാലോചന നടത്തിയത് ഞാനല്ല.
കോടതിയിൽ നൽകിയ രഹസ്യമൊഴി സംബന്ധിച്ച രേഖകൾ മുഖ്യമന്ത്രി ഇടപെട്ട് ചോർത്തിയോയെന്ന് സംശയമുണ്ട്.
164 പ്രകാരം നല്കിയ രഹസ്യമൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് ഇടതുനേതാക്കൾ പറയുന്നു. പകർപ്പ് അവർക്കു കിട്ടാതെ ഈവിധം പറയാനാകുമോയെന്നും സ്വപ്ന ചോദിച്ചു.
താനും ഷാജ് കിരണും തമ്മിലുള്ള സംഭാഷണങ്ങൾ പുറത്തുവിട്ടപ്പോൾ ശബ്ദരേഖയിൽ കൃത്രിമത്വം വരുത്തിയെന്ന് മുതിർന്ന ഒരു കമ്യൂണിസ്റ്റ് നേതാവ് ആരോപിച്ചു.
ഈ രാഷ്ട്രീയ നേതാവിന് അത് എങ്ങനെ പറയാനാകും. മുഖ്യമന്ത്രിയും സിപിഎമ്മും ഷാജ് കിരണും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നല്ലേ ഇതിൽനിന്നു തെളിയുന്നത്.
തന്റെയടുത്തേക്ക് സംഭാഷണത്തിനായി ഷാജ് കിരണിനെ വിട്ടതടക്കമുള്ള ഓരോ പ്രവൃത്തിയും ഇതിന് തെളിവാകുന്നുവെന്നും സ്വപ്ന പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി ആരോപണങ്ങളുയരുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.