തിരുവനന്തപുരം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കി സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു.
താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കണം.
രാഷ്ട്രീയ ലക്ഷ്യത്തോടെ പലരും വിളിച്ചുവെന്നും തനിക്ക് അത്തരം ലക്ഷ്യങ്ങളില്ലെന്നും അവർ വ്യക്തമാക്കി.
പി.സി.ജോർജ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. താൻ എന്തോ എഴുതി നൽകിയിട്ടുണ്ടെന്ന ജോർജിന്റെ വാദം സ്വപ്ന തള്ളി.
അങ്ങനെ എഴുതി നൽകിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
സരിത എസ്. നായർ പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ജയിലിൽ വച്ചോ പുറത്തുവച്ചോ അവരോട് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി.
സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ സ്വപ്ന കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഇക്കാര്യം അവർ ആവർത്തിക്കുകയായിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലുകളെല്ലാം നുണകളാണെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെന്ന പേരിൽ പ്രചരിക്കുന്നതെല്ലാം നുണകളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടനെ തന്നെ അത് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
നേരത്തെ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയതായി സ്വപ്ന വെളിപ്പെടുത്തിയതാണെന്ന് ഓര്‍ക്കണമെന്നും ജയരാജൻ പറഞ്ഞു.
എൽഡിഎഫിന് തുടര്‍ഭരണം ലഭിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും നടപ്പാക്കുന്നതിന് നേതൃത്വം നല്കി വരികയുമാണ്.
ഈ ഘട്ടത്തില്‍ അത്തരം ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാരിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്കെതിരായി തന്നെ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.