റെനീഷ് മാത്യു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ആരോപണങ്ങൾക്കെതിരേ സൈബർ പ്രതിരോധം തീർക്കാൻ സിപിഎം.
നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.
ഇക്കാര്യത്തിൽ ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ പി.സി. ജോർജിന്റെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകളും പി.സി. ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുമാണ് സിപിഎമ്മിന്റെ സൈബറിടങ്ങളിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് 2016ലെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്.
മുഖ്യമന്ത്രിക്കും ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്കും എതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേരുകള്‍ പലപ്പോഴായി സ്വപ്ന സുരേഷ് പറഞ്ഞിരുന്നെങ്കിലും കുടുംബാംഗങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്.
ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല.
സൈബർ പോരാട്ടത്തിന് യൂത്ത് കോൺഗ്രസും
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
ജില്ലാ ആസ്ഥാനങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും ഇന്നുമുതൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ സരിത ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നവമാധ്യമങ്ങളിലൂടെ പല പ്രസ്താവനങ്ങളും നടത്തിയിരുന്നു.
ഇക്കാര്യങ്ങൾ കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസും സൈബർ പ്രചാരണം നടത്തുന്നുണ്ട്.
പ്രതിഷേധം അക്രമാസക്തമാകും
മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്കെതിരേ ബിജെപിയും യുഡിഎഫും നടത്തുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ കർശന സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്.