സ്വന്തം ലേഖകൻ
വിയ്യൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തങ്ങളെ ഇനി ചികിത്സിപ്പിക്കരുതെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെ.ടി. റമീസും എൻഐഎ കോടതിയിൽ അപേക്ഷിച്ചു. എന്നാൽ കോടതി ഇവരുടെ അപേക്ഷ നിരസിച്ചു.
വിയ്യൂർ വനിതാ ജയിലിൽനിന്ന് സ്വപ്നയെ രണ്ടു തവണയും ഹൈെടെക് സെക്യൂരിറ്റി ജയിലിൽനിന്ന് റമീസിനെ ഒരു തവണയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രണ്ടു തവണയും നെഞ്ചുവേദനയെന്ന് പറഞ്ഞാണ് സ്വപ്നയെ ആശുപത്രിയിലാക്കിയത്. വയറുവേദനയും ദേഹാസ്വസ്ഥ്യവും പറഞ്ഞാണ് റമീസിനെ മെഡിക്കൽ കോളജിലെത്തിച്ചത്.
കാര്യമായ തകരാറൊന്നും രണ്ടുപേർക്കും ചികിത്സയിലും പരിശോധനകളിലും കണ്ടെത്താനായില്ല. ആൻജിയോഗ്രാം നടത്തേണ്ടെന്ന് പറഞ്ഞ് സ്വപ്ന ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.
ഇതിനിടെ എൻഐഎ കോടതി കഴിഞ്ഞ ദിവസം നടത്തിയ വിചാരണക്കിടയിലാണ് ഇരുവരും തങ്ങൾക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വേണ്ടെന്നും ആശുപത്രി മാറ്റണമെന്നും ആവശ്യമുന്നയിച്ചത്.
എന്നാൽ ആശുപത്രി മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടായിരുന്നു കോടതിയുടേത്.തൃശൂർ മെഡിക്കൽ കോളജ് വാസം നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി വേണ്ടെന്നും ആശുപത്രി മാറണമെന്നും ആവശ്യപ്പെടുന്നത് ഇവർ കരുതിയ പോലെ കാര്യങ്ങൾ നടക്കാത്തതുകൊണ്ടാണെന്നുമാണ് സൂചന.