സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലെത്തി ആരും ഭീഷണിപ്പെടുത്തിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. എന്നാല്‍ ഭീഷണി ആരോപണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നല്‍കിയതായാണ് സൂചന.
സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മുമ്പ് സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി തെളിവെടുപ്പ് നടത്തി.
ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. ബന്ധുക്കളും ഇ ഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ജയിലിലെത്തി സ്വപ്നയെ കണ്ടിട്ടില്ലന്നാണ് അന്വേഷണത്തിലെ നിഗമനം.
പരാതിയേ കുറിച്ച് സ്വപ്നയോട് ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് സൂചന. ഭീഷണിയുള്ളതായി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചറിയില്ലെന്നും അഭിഭാഷകന് കാണിച്ച അപേക്ഷയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായാണ് വിവരം.
മാത്രമല്ല രേഖാമൂലം പരാതി നല്‍കാനും സ്വപ്ന തയാറായിട്ടില്ല. അതിനാല്‍ സ്വപ്ന പരസ്പര വിരുദ്ധമായി സംസാരിക്കുന്നെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിങ് പരിശോധിച്ച ശേഷം സര്‍ക്കാരിന് കൈമാറും.