സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ സുഖവാസം എന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എല്‍.എസ്.സിബുവിനെതിരെ വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന് കീഴില്‍ കഴിയുന്ന സ്വപ്നയ്ക്ക് വന്‍ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്.
ഒമ്പത് ദിവസമായി ചോദ്യങ്ങളും മൊഴിയെടുപ്പും നടക്കുന്നുണ്ടെങ്കിലും സ്വപ്ന സന്തോഷവതിയാണെന്നും നല്‍കിയിട്ടുള്ള സൗകര്യത്തില്‍ സംതൃപ്തയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ഇന്നു കോടതിയില്‍ വീണ്ടും ഹാജരാക്കും. കിടക്കാന്‍ എ.സി മുറി, ഹോട്ടലില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം, വനിതാപോലീസുകാരുടെ കാവല്‍ എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍.
കസ്റ്റംസ് കേസില്‍ കോഫെപോസ പ്രതിയായി വനിതാ ജയിലിലായിരുന്നു സ്വപ്ന. ഈ മാസം 14 നാണ് വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എത്തിയത്.
ഒരു പ്രതിക്കും നല്കിയിട്ടില്ലാത്ത തരം കസ്റ്റഡിയാണു സ്വപ്നയ്ക്ക ക്രൈംബ്രാഞ്ച് ഒരുക്കിയത്. ഇഷ്ടഭക്ഷണം കഴിക്കാം.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസി കോണ്‍ഫറന്‍സ് ഹാളും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് മ്യൂസിയത്തില്‍ എസി മുറിയും ചോദ്യം ചെയ്യലിനു തയാറാക്കിയിരുന്നു. ജയിലില്‍ നിന്നു നേരെ കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് ആയിരുന്നു കൊണ്ടുപോയത്.
നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് കവടിയാര്‍ ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ കൊണ്ടുവന്നത്. ജയിലില്‍ ആണെങ്കില്‍ വൈകിട്ട് നാലിനു മുന്‍പു രാത്രി ഭക്ഷണം വാങ്ങി സെല്ലില്‍ കയറണം.
ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ മൂന്നു നേരത്തെയും ഭക്ഷണം ഹോട്ടലില്‍ നിന്നാണ് ഏര്‍പ്പാടാക്കിയിരുന്നത്. ജവഹര്‍ നഗറിലെ ഓഫിസില്‍ നിന്നു വ്യാജ പരാതി ചമച്ച കംപ്യൂട്ടര്‍ എയര്‍ ഇന്ത്യ സാറ്റ് ഓഫിസില്‍ നിന്നു കണ്ടുകെട്ടുന്നതിനും രക്തസമ്മര്‍ദം കുറഞ്ഞപ്പോള്‍ ഡോക്ടറെ കാണിക്കുന്നതിനും മാത്രമാണ് സ്വപ്നയെ പുറത്ത് കൊണ്ടുപോയത്.
സ്വപ്നയുടെ ആരോഗ്യകാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് അമ്മ കേന്ദ്ര സര്‍ക്കാരിനു കത്തയച്ചിരുന്നു. അതു ജയില്‍ അധികൃതര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സ്വപ്നയുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ രണ്ടു വനിതാ പോലീസുകാരെ ഡ്യൂട്ടിയ്ക്കിടുകയും ചെയ്തു. സ്വപ്നയ്ക്ക് ആവശ്യത്തിന് നല്‍കാനുള്ള മധുരം വരെ ഇവര്‍ കയ്യില്‍ കരുതിയിട്ടുണ്ട്.