സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തു വരുമ്പോള്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്മിഷന്‍” പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷനാണെന്ന വാദമാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്.
ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് സ്വപ്ന സുരേഷ് ഈ നീക്കം നടത്തിയത്.
അതോടെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മ്മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ”എമിറേറ്റ്‌സ് റെഡ് ക്രസന്റ്” ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നല്‍കിയത്.
2018ലെ പ്രളയശേഷം സഹായത്തിനായി മുഖ്യമന്ത്രി ദുബായിലേക്ക് പോകുന്നതിനു നാലു ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അഥോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 11- ന് ഇതു സംബന്ധിച്ച കരാര്‍ റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്റര്‍നാഷനല്‍ എയ്ഡ് അഫയേഴ്സും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു. സ്വപ്നയാണ് ഈ ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്.
ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ 140 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനു കരാര്‍ നല്‍കിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചത്.
സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നും അത്തരം കമ്മീഷന്‍ ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്ന അവകാശപ്പെടുന്നു.
അതായാത് യൂണിടെക് കമ്പനിയ്ക്ക് നിര്‍മാണ കരാര്‍ നല്‍കിയത് സ്വപ്‌ന ഇടപെട്ടായിരുന്നുവെന്ന് ചുരുക്കം. ഇതിനുള്ള പ്രതിഫലമായിരുന്നു ആ പണം. എന്നാല്‍ പണം കിട്ടിയിത് കോണ്‍സല്‍ ജനറലിനാണെന്നാണ് സ്വപ്നയുടെ മൊഴി. വീടില്ലാത്ത തനിക്ക് വീടുവയ്ക്കാന്‍ കോണ്‍സല്‍ ജനറല്‍ ഒരു കോടി രൂപ തന്നു. രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മീഷന്‍ ഇനത്തില്‍ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് സ്വപ്നയുടെ മൊഴി.
ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചു. വിസ സ്റ്റാമ്പിങ് അടക്കമുള്ള നടപടികള്‍ക്ക് കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റില്‍ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കറന്‍സി കൈമാറ്റത്തിനായി രണ്ട് മണി എക്സ്ചേഞ്ച് കരാര്‍ നല്‍കിയിരുന്നു. 25 ലക്ഷം വീതം അവരില്‍നിന്ന് കമ്മീഷന്‍ കിട്ടിയെന്നാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറിവോടെയായിരുന്നുവോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ശിവശങ്കറിനെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കര്‍ എടുക്കണമെന്നു നിര്‍ദ്ദേശിച്ചത് ശിവശങ്കര്‍ ആണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൂടി കമ്മിഷന്‍ കിട്ടിയെന്ന് സൂചന നല്‍കുന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ വിഷയം സര്‍ക്കാറിനെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചേക്കും.
സ്വപ്‌ന സുരേഷിന് കരുതിയതിലും വലിയ സ്വാധീനമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായിട്ടും, സ്വപ്നയ്ക്ക് പ്രതിമാസം ആയിരം ഡോളര്‍ (75,000രൂപയോളം) കോണ്‍സുലേറ്റ് പ്രതിഫലം നല്‍കുന്നതും കൗതുകകരമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കോണ്‍സുലേറ്റിലെ സ്വാധീനമുപയോഗിച്ച് ഉന്നതരുമായി ചേര്‍ന്ന് വമ്പന്‍ റിയല്‍ എസ്റ്റേസ്റ്റ് ഇടപാടുകളും സ്വപ്‌ന നടത്തിയെന്നാണ് വിവരം. മന്ത്രിമാരുടെ ഓഫീസുകളില്‍ സ്വപ്നയും സരിത്തും നിത്യസന്ദര്‍ശകരായിരുന്നെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ തെളിവുതേടിയാണ് സെക്രട്ടേറിയറ്റിലെ ഒരുവര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത്. പല വമ്പന്മാരുടെയും ബിനാമിയായി ഇവര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി പല ബിസിനസുകളുമുണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം കിട്ടിയിട്ടുണ്ട്.
സ്വപ്നയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തെ സ്‌കൂളിലും കോളേജിലും പ്രവേശനം വാങ്ങിനല്‍കിയതും ഇദ്ദേഹമാണ്. പൊലീസിലേതടക്കം ഉന്നതര്‍ക്ക് വിദേശത്ത് ബിനാമി നിക്ഷേപത്തിന് സൗകര്യമൊരുക്കുക സ്വപ്നയുടെ രീതിയായിരുന്നു.
സ്വപ്നയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെക്കുറിച്ച് കസ്റ്റംസും എന്‍ഫോഴ്സ്‌മെന്റും അന്വേഷിക്കുകയാണ്. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷ.