സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍ പലരുടെയും ഉറക്കം കെടുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. സ്വപ്ന സുരേഷ് പ്രമുഖരുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വപ്ന തന്നെ ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകമായി സൂക്ഷി്ച്ചിരുന്നവയാണിത്.
ഉന്നതരുമായി പരിധി വിട്ട് നടത്തിയിട്ടുള്ള ചാറ്റ് പിന്നീട് അവരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയായിരുന്നോ സൂക്ഷിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. മന്ത്രിമാര്‍ അടക്കമുള്ളവരുമായി സ്വപ്നയ്ക്കുണ്ടായിരുന്ന ഉന്നതല ബന്ധങ്ങള്‍ വെളിവാക്കാന്‍ ഇതു സഹായകമാവും.
ഉന്നതരുമായും അവരുടെ കുടുംബങ്ങളുമായും സ്വപ്ന പ്രത്യേകം ബന്ധം നില നിര്‍ത്തിയിരുന്നു എന്നും ഉന്നതരുടെ ഭാര്യമാരുമായി ഷോപ്പിംഗിനും മറ്റും പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്.
സ്വപ്നയും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടില്‍ പോയിരുന്നതായും ഒരു ഉന്നതന്റെ മകന് സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍ഐഎ കണ്ടെത്തിയത്. ഇതിനിടയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സ്വപ്ന ഫോണ്‍ ചെയ്ത സംഭവവും എന്‍.ഐ.എ. അന്വേഷിക്കും.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്സിന്റെ നമ്പറില്‍നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്സിന്റെ ഫോണിലേക്കു വിളിച്ചെന്നാണു കണ്ടെത്തല്‍. സ്വപ്ന ഫോണില്‍ ബന്ധപ്പെട്ട തിരുവനന്തപുരം സ്വദേശിയായ നഴ്സിനു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിക്കുന്നവരുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തയാളുമായി ആശുപത്രിയില്‍നിന്നു ഫോണില്‍ സംസാരിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. സ്വപ്ന സുരേഷിനും കൂട്ടുപ്രതി കെ.ടി. റമീസിനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്കിയതും ദുരൂഹമെന്നാണ് ആരോപണം. സ്വപ്നയ്ക്കു പിന്നാലെ, അരമണിക്കൂറിനകം റമീസിനെയും ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു.