തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരേ സരിത നായർ പണ്ട് രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കോൺഗ്രസിന് സംഭവിച്ചത് ഭരണ നഷ്ടമായിരുന്നു.
ഇപ്പോൾ സ്വപ്ന ഇടതുപക്ഷത്തെ ഞെക്കി ഞെരുക്കി കൊണ്ടിരിക്കുന്പോൾ കോൺഗ്രസുകാരുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കംതന്നെ പൊട്ടിയിട്ടുണ്ടാവാം.
എം.ശിവശങ്കറിന്റെ ആത്മകഥ വരുത്തിയ പൊല്ലാപ്പാണ് ഇപ്പോൾ ഇടതുപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും തെളിവുകൾ നിരത്തി സ്വപ്ന ഇന്നലെ ആഞ്ഞടിച്ചപ്പോൾ ഇതൊക്കെ വെറും അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന മട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് മറുപടി കൊടുത്തത്.
പേരിൽ പോലും പാളിച്ചയെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സ്വപ്ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയാകട്ടെ ഇന്ന് മാധ്യമങ്ങളുടെ മുന്നിലെത്തി ഇതെല്ലാം സ്വപ്നയുടെ തിരക്കഥയാണെന്ന് തുറന്നടിച്ചു.
സ്വപ്നയുടെ തിരക്കഥയോ
കഥയ്ക്ക് വേണ്ടി കഥ ഉണ്ടാക്കുന്ന മട്ടിലാണോ കാര്യങ്ങളുടെ പോക്കെന്നാണ് വിജേഷിന്റെയും എം.വി.ഗോവിന്ദന്റെയും പ്രതികരണങ്ങൾ പുറത്ത് വരുന്പോൾ മനസിലാക്കേണ്ടത്.
ബിസിനസ് ഡീൽ നടത്താൻ ചെന്ന എന്നെ സ്വപ്ന കാര്യമില്ലാകാര്യങ്ങൾ പറഞ്ഞ് പെടുത്തിയിരിക്കുകയാണെന്നാണ് വിജേഷ് പറയുന്നത്.
സ്വപ്ന ഉന്നയിച്ച കാര്യങ്ങൾക്ക് തെളിവുണ്ടെങ്കിൽ കാട്ടട്ടേയെന്നും വിജേഷ് വെല്ലുവിളിക്കുകയാണ്. വിജേഷ് പറയുന്നതിൽ അവ്യക്തതകൾ ഉണ്ടെങ്കിലും കഥയിപ്പോൾ ആകെ മാറിയിരിക്കുകയാണ്.
വിടാതെ പിന്തുടരുന്ന ഇഡി
സ്വപ്നയുടെ ആരോപണങ്ങൾക്ക് വിധേയരായവരെ വിടാതെ പിന്തുടരുന്ന ഇഡി ഇടയ്ക്കിടയ്ക്ക് ചില സംഭവങ്ങൾ പൊതുമധ്യത്തിലേക്ക് ഇട്ടു കൊടുക്കും.
അതോടെ ഭരണപക്ഷം വല്ലാതെ അങ്ങ് കലിപൂണ്ട് പലതും വിളിച്ച് പറയും. പിന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും അതിൽ പിടിച്ചങ്ങ് കയറും.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ പച്ചക്കള്ളമെന്ന പ്രയോഗം വല്ലാത്ത ക്ഷീണമാണ് ഭരണപക്ഷത്തിന് ഉണ്ടാക്കി കൊടുത്തത്.
ഇന്നലെ സ്വപ്ന തന്നെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളുമായി രംഗത്ത് വരുന്പോഴും ക്ഷീണം പാർട്ടിക്ക് തന്നെ.
സത്യമെന്ത്
സ്വപ്നയുടെ പിറകിൽ അതിപ്പോൾ ആരായാലും സിപിഎമ്മിനെ പ്രതിരോധത്തിലേക്ക് തള്ളിവിടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
സ്വപ്ന ഇന്നലെ ഉയർത്തികൊണ്ടുവന്ന കാര്യങ്ങൾ അത്ര നിസാരമല്ല. വകവരുത്തുമെന്ന ഭീഷണിയും 30 കോടിയുടെ പ്രലോഭനവുമെല്ലാം സിപിഎം എന്ന പാർട്ടിയെ ചുറ്റിപറ്റി ഒരാൾക്ക് ചുമ്മാ അങ്ങ് തട്ടിവിടാൻ പറ്റുന്ന കാര്യങ്ങളല്ല. സാധാരണക്കാർ ഇതെല്ലാം കണ്ടും കേട്ടും ആകെ മൊത്തം കൺഫ്യൂഷനിലാണ്.
സത്യം അത് എന്തായാലും പുറത്തുവരട്ടെ. അതിന് ഇനി സ്വപ്ന തന്നെ രംഗത്ത് എത്തേണ്ടിയിരിക്കുന്നു.
വി. ശ്രീകാന്ത്