വി. ശ്രീകാന്ത്
തിരുവനന്തപുരം: ഇരട്ടി വിശ്വാസം ഇരട്ടച്ചങ്കന് ഇരുട്ടടിയാകുന്നുയെന്നുവേണം കരുതാൻ. അടിയുറച്ച് പറയുന്ന കാര്യങ്ങളിൽ പോലും സംശയത്തിന്‍റെ നിഴൽ വീഴുന്നു.
പ്രതിപക്ഷത്തെ മുഖവിലയ്ക്കെടുക്കാതെ അവർ പറയുന്നതെല്ലാം തെറ്റെന്നുള്ള രീതിയിലാണ് മുഖ്യന്‍റെ മുന്നോട്ട് പോക്ക്.
നിയമസഭയിൽ ഭരിക്കുന്ന കക്ഷിക്കാർ തന്നെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന അവസ്ഥ. ഇതെല്ലാം കണ്ടോണ്ടിരിക്കുന്ന ജനങ്ങൾക്ക് സ്വഭാവികമായും തോന്നാം ഇവർ എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന്.
ബാലഗോപാലിന്‍റെ ബജറ്റും അതിന് ശേഷം നടന്ന തദ്ദേശ ഉപതരെഞ്ഞെടുപ്പിലെ പിന്നോട്ട് പോക്കും ഇടതുപക്ഷത്തെ വല്ലാതെയങ്ങ് ഉലച്ചു കളഞ്ഞിട്ടുണ്ട്.
ഒരു കൂസലുമില്ലാതെ പച്ചക്കള്ളം എന്ന ഒറ്റവാക്കിൽ പിടിച്ച് തൂങ്ങി മുഖ്യൻ നടത്തിയ വെല്ലുവിളിക്ക് സ്വപ്ന നൽകിയ മറുപടിയിൽ മുഖ്യന്‍റെ അടുത്ത നീക്കം ഉറ്റു നോക്കുകയാണ് കേരളം.
ഒന്നല്ല ആറെണ്ണം
28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് ആറ് സിറ്റിംഗ് സീറ്റുകളാണ് നഷ്ടമായത്.
അതിൽ അഞ്ചെണ്ണം പിടിച്ചെടുത്തതാകട്ടെ യുഡിഎഫും തങ്ങളും ഇവിടെ തന്നെയുണ്ടെന്ന് അറിയിച്ച് ബിജെപിയും ഒരു സീറ്റ് അങ്ങ് പൊക്കി.
അപ്പോഴും മൊത്തം നോക്കുന്പോൾ 15 സീറ്റ് നേടി ഞങ്ങളാണെല്ലോ മുന്നിലെന്ന മട്ടിലാണ് ഇടതിന്‍റെ പോക്ക്.
കൈയിലുണ്ടായ സീറ്റിന്‍റെ എണ്ണം കുറഞ്ഞത് ശരിക്കും ഒരു തിരിച്ചടിയാണെന്നുള്ള കാര്യം അവർ മനഃപൂർവം അങ്ങ് മറക്കുകയാണ്.
സ്വപ്നയെ പേടി
ലൈഫ് മിഷൻ കേസിലെ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യം മുഖ്യമന്ത്രിക്കു വല്ലാതെ അങ്ങ് കൊണ്ടു. പച്ചക്കള്ളമാണ് ഈ പറയുന്നതെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടും മുഖ്യൻ ആകെയൊന്ന് കുലുങ്ങി.
യുഎഇ കോൺസുലേറ്റുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് 2022-ൽ മന്ത്രി സമ്മതിച്ച കാര്യമെല്ലാം മറന്നാണ് ആ പച്ചക്കള്ളമെന്ന പ്രയോഗം തൊണ്ടയിൽ നിന്ന് പുറത്തേക്ക് ചാടിയത്.
ഒന്നല്ല പലവട്ടം മുഖ്യമന്ത്രിയെ കണ്ടുവെന്ന് സ്വപ്ന വീണ്ടും ആവർത്തിക്കുന്പോൾ പിണറായി വിജയൻ വീണ്ടും പ്രതിരോധത്തിലാവുകയാണ്.
സി.എം. രവീന്ദ്രനും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് കൂടി പുറത്തുവന്നതോടെ സ്വപ്ന ശരിക്കും ഇടതുപക്ഷത്തിന്‍റെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
ബജറ്റിലെ പൊല്ലാപ്പ്
ബജറ്റെന്നാൽ പ്രതീക്ഷയാണ്. എന്നാൽ ഇത്തവണത്തെ കെ.എൻ.ബാലഗോപാലിന്‍റെ ബജറ്റ് ജനങ്ങളുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി. നികുതി ഭാരം കൂട്ടി സാധാരണക്കാരനെ വട്ടംചുറ്റിക്കുന്ന ബജറ്റെന്ന ചീത്തപ്പേരും വീണു കിട്ടി.
അടഞ്ഞ് കിടക്കുന്ന വീടിനെ പോലും വെറുതെ വീടാൻ ധനമന്ത്രി ഒരുക്കമായിരുന്നില്ല. എന്നാൽ പ്രവാസികളുടെ പ്രതിഷേധം ആളിക്കത്തിയതോടെ അടഞ്ഞ് കിടക്കുന്ന വീടിന് നികുതി ചുമത്തില്ലെന്ന് മന്ത്രിക്ക് തിരുത്തി പറയേണ്ടി വന്നു.
ഇതെല്ലാം കാണുന്ന ജനത്തിന് തൊടുന്നതെല്ലാം പിഴയ്ക്കുന്ന പരുവത്തിലേക്കാണല്ലോ പിണറായി സർക്കാരിന്‍റ പോക്കെന്ന തോന്നിയാൽ കുറ്റം പറയാൻ പറ്റില്ലല്ലോ.