സ്വന്തം ലേഖകൻ
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
നിയമനത്തിനായി എട്ടു തവണ ശിവശങ്കറെ സ്വപ്ന ഔദ്യോഗികമായി കണ്ടു. ഇതില്‍ ആറു തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ചയെന്നു കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ഇഡി പറഞ്ഞു.
കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയെ മുഖ്യമന്ത്രി പിണറായി വിജയനു പരിചയമുണ്ടായിരുന്നു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്നു സ്വപ്നയ്ക്കു ശിവശങ്കര്‍ ഉറപ്പുനല്‍കി.
സ്പേസ് പാര്‍ക്കില്‍ ജോലിക്കായി കെഎസ്ഐടിഐഎല്‍ എംഡി ഡോ. ജയശങ്കറിനെയും സ്പെഷല്‍ ഓഫീസര്‍ സന്തോഷിനെയും കാണാന്‍ നിര്‍ദേശിച്ചത് എം. ശിവശങ്കറായിരുന്നു. ഇതിനുശേഷമാണു സ്പേസ് പാര്‍ക്ക് സിഇഒ വിളിച്ചു ജോലിയില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയതെന്നു സ്വപ്നയുടെ മൊഴിയിലുണ്ട്.
സ്വപ്ന സുരേഷിനു ലോക്കര്‍ എടുത്തു നല്‍കിയത് എം. ശിവശങ്കറാണെന്നതിനു തെളിവു ലഭിച്ചെന്നും 303 പേജുള്ള പ്രാഥമിക കുറ്റപത്രത്തിലുണ്ട്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടില്‍ കണ്ടെത്തിയ 30 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാന്‍ നിര്‍ദേശിച്ചതു ശിവശങ്കറാണ്.
ഇടപാടുകള്‍ സംബന്ധിച്ചു ശിവശങ്കര്‍ സ്വപ്നയുമായും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുമായും നടത്തിയ വാട്സാപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ് ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ ഇനിയും കസ്റ്റഡിയിൽ ലഭിക്കാത്തതിനാല്‍ അന്തിമകുറ്റപത്രം വൈകും.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍, യൂണിടാക് എംഡി സന്തോഷ് ഈപ്പന്, യൂണിടാക് ഡയറക്ടര്‍ വിനോദ്, എന്‍ഐഎ എസ്പി സി. രാധാകൃഷ്ണ പിള്ള എന്നിവരെ സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീല്‍, എം. ശിവശങ്കര്‍, ബിനീഷ് കോടിയേരി എന്നിവരെ സാക്ഷിപ്പട്ടികയില്പോലും അന്വേഷണ സംഘം ചേര്‍ത്തിട്ടില്ല.
കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ ലഭിക്കേണ്ടതിനാല്‍ തുടരന്വേഷണം നടക്കുകയാണെന്നും മൂന്നു പ്രതികളും കള്ളപ്പണം വെളുപ്പിച്ചതിന് മതിയായ തെളിവുകളുണ്ടന്നും ഇഡി വ്യക്തമാക്കി.
പ്രതികള്‍ പിഎംഎല്‍എ സെക്ഷന്‍ മൂന്നു പ്രകാരം കുറ്റക്കാരാണെന്നും വിചാരണ നടത്തി ശിക്ഷിക്കുന്നതിനു തുടര്‍ നടപടികളിലേക്കു കടക്കണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
യൂണിടാക് ബില്‍ഡേഴ്സ് അടക്കം വിവിധ കമ്പനികള്‍ നല്കിയ കമ്മീഷന്റെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. 50,000 യുഎസ് ഡോളര്‍ ഷാര്‍ജ ഭരണാധികാരിയില്‍നിന്നു സ്വപ്ന സ്വീകരിച്ചിരുന്നു.
വിവിധ ഇ-മെയിലുകളിലാണ് സ്വപ്ന ഇടപാടുകള്‍ നടത്തിയിരുന്നത്. എന്‍ഐഎ ഇവരുടെ മെയില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ പരിശോധിക്കാനായില്ലെന്ന് ഇഡി പറയുന്നു.