കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതു കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെയും അറിവോടെയെന്നു സ്വപ്ന സുരേഷ്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍(ഏകദേശം 1,12,000 രൂപ) വീതം നല്‍കുമായിരുന്നു. സ്വര്‍ണക്കടത്ത് പ്രശ്നമായപ്പോള്‍ അറ്റാഷെ കൈയൊഴിഞ്ഞെന്നും സ്വപ്ന കസ്റ്റംസിനു നല്കിയ മൊഴിയില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് തുടങ്ങിയതു കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ്. കോവിഡ് തുടങ്ങിയപ്പോള്‍ അദ്ദേഹം നാട്ടിലേക്കു മടങ്ങി. തുടർന്ന് അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കി.
2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തി. അറ്റാഷെയെ പിടികൂടണമെന്നും സ്വപ്ന അന്വേഷണ സംഘത്തോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി തനിക്കു സൗഹൃദം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു പങ്കില്ലെന്നും സ്വപ്ന മൊഴി നല്‍കിയതായി സൂചനയുണ്ട്. സ്വപ്നയുടെ മൊഴികൾ സംബന്ധിച്ചു പ്രതികരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയാറായില്ല.