സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഎഇ കോണ്സലേറ്റിലെ ഉന്നതർക്ക് അറിയാമായിരുന്നുവെന്ന സ്വപ്നയുടെ മൊഴിക്കു പിന്നാലെ എൻഐഎ ഇരുവരുടെയും ഫോണ്‍ രേഖകൾ പരിശോധിച്ചു.
സ്വർണക്കടത്തു നടന്നുവെന്നു കണ്ടെത്തിയ ദിവസങ്ങളിലടക്കം ജൂണ്‍16 മുതൽ സ്വർണക്കടത്തു പിടികൂടിയ ജൂലൈ അഞ്ചുവരെയുള്ള 20 ദിവസങ്ങളിൽ ഇരുവരുടെയും ഫോണുകളിൽനിന്ന് 76 തവണ വിളിച്ചതായി കണ്ടെത്തി.
ഡിപ്ലോമാറ്റിക് ബാഗേജിലുണ്ടായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയ ജൂലൈ അഞ്ചിന് രാവിലെ 11.43ന് 291 സെക്കൻഡും 11.58 ന് 95 സെക്കൻഡും 12.23ന് 262 സെക്കൻഡും സംസാരിച്ചിരുന്നതായി കണ്ടെത്തി.
യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ ചുമതലയുണ്ടായിരുന്ന അറ്റാഷെ റാഷിദ് അൽ സലാമിയുടെ 7999919191 എന്ന മൊബൈൽ ഫോണ്‍ നന്പരിൽനിന്ന് സ്വപ്ന സുരേഷിന്റെ 9072551105 ഫോണ്‍ നന്പരിലേക്കാണ് ഈ ദിവസങ്ങളിൽ വിളിച്ചത്.
ബാഗേജ് പൊട്ടിച്ചു സ്വർണമെന്നു കണ്ടെത്തിയ ശേഷമായിരുന്നു അറ്റാഷെയുടെ വിളികളെല്ലാം. സ്വർണക്കടത്തിൽ തന്റെ പേരു വെളിപ്പെടുത്തരുതെന്നു പറയാനാണ് അറ്റാഷെ ഈ സമയങ്ങളിൽ വിളിച്ചതെന്നാണു സ്വപ്ന എൻഐഎക്കു നൽകിയ മൊഴി.
ബാഗേജ് എത്തിയ ജൂണ്‍ 30 മുതൽ ജൂലൈ അഞ്ചുവരെയുള്ള ആറു ദിവസങ്ങളിൽ മാത്രം 45 തവണ ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായും എൻഐഎ ശേഖരിച്ച ഫോണ്‍ രേഖകളിൽ പറയുന്നു.
സ്വർണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം കാർഗോ കോംപ്ലക്സിലെത്തിയ ജൂണ്‍ 30ന് ഒൻപതു തവണ ഇരുവരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടു.
ബാഗേജ് വിട്ടു കൊടുക്കില്ലെന്നു കസ്റ്റംസ് അറിയിച്ച ശേഷമായിരുന്നു ഈ ഫോണ്‍ വിളികൾ. ജൂലൈ ഒന്നിനും ഒൻപതു തവണ ഇതേ ഫോണുകളിൽ ബന്ധപ്പെട്ടു. ജൂലൈ രണ്ടിന് നാലു തവണയും മൂന്നിന് 20 തവണയും നാലിന് മൂന്നു തവണയും ഇരുവരും ബന്ധപ്പെട്ടതായും അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു.
ഡിപ്ലോമാറ്റിക് ബാഗേജ് എത്തുന്നതിന് തൊട്ടു മുൻപ് ജൂണ്‍ 29നും അറ്റാഷെയും സ്വപ്നയും തമ്മിൽ ഒൻപതു തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുഎഇ കോണ്സലേറ്റിലെ ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട ശേഷം സ്വപ്ന സുരേഷുമായി കോണ്‍സലേറ്റ് ഉദ്യോഗസ്ഥർ എന്തിന് ഇത്രയധികം തവണ ബന്ധപ്പെട്ടുവെന്ന ചോദ്യമാണുയരുന്നത്.
സ്വപ്നയ്ക്ക് ആറു മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നതായാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ഇതിൽ ഒരു ഫോണിന്റെ രേഖകൾ മാത്രമാണു പുറത്തു വന്നത്. മറ്റു ഫോണുകൾ നശിപ്പിച്ചെങ്കിലും ഇവയുടെ വിളികളുടെ രേഖകൾ കണ്ടെത്താനാണു നീക്കം.
നേരത്തെ ബാഗേജിൽ സ്വർണമെത്തിയെന്നു കണ്ടെത്തിയ ജൂണ്‍ 23 മുതൽ 25 വരെയുള്ള തീയതികളിൽ ഇരുവരും തമ്മിൽ ആറു തവണ വീതം ബന്ധപ്പെട്ടിരുന്നു. 27ന് ഏഴു തവണയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ രേഖകൾ വ്യക്തമാക്കുന്നു.
അതിനിടെ, യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ ഔദ്യോഗിക മൊബൈൽ ഫോണ്‍ നന്പരിലും സ്വപ്നയുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. കോവിഡിനെത്തുടർന്നു കോണ്‍സലേറ്റ് ജനറൽ രാജ്യത്തു നിന്നു മടങ്ങിയ ശേഷം അറ്റാഷെയ്ക്കായിരുന്നു ചുമതല.