കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്ത് റാക്കറ്റിന്റെ പിടിയിലാണോയെന്ന് സംശയം.
കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒതുക്കിതീര്ക്കാനാവില്ലെന്ന് വിശ്വസിപ്പിച്ച് സ്വപ്ന സുരേഷിനെ കള്ളക്കടത്ത് റാക്കറ്റ് എവിടെക്കെങ്കിലും മാറ്റിയതാകാമെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ സ്വപ്ന സുരേഷ് സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. ലോക്ഡൗണിന്റെ കൂടി സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമായി നടക്കുന്നതിനാല്‍ ഇവര്‍ കേരളം വിടാന്‍ സാധ്യതയില്ല.
സ്വപ്ന സുരേഷ് പിടിയിലായാല്‍ പല ഉന്നതന്മാരും കുടുങ്ങുമെന്ന ഭയത്താല്‍ ഇവരെ മാറ്റിയതാകുമെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കൂടിയല്ലാതെ ഇതിന് മുമ്പും കണ്ടെയ്നറുകളില്‍ കൂടിയും സ്വര്ണക്കള്ളക്കടത്തുകള് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇതിന് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് റാക്കറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വപ്ന പിടിയിലായാല്‍ കൂടുതല്‍ പേര് കുടങ്ങും. അതുകൊണ്ടു തന്നെ ഇവരെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
സ്വപ്നയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരെക്കുറിച്ചുള്ള വിവരങ്ങളും കൂടുതല്‍ തെളിവുകളും കസ്റ്റംസിന് ലഭിക്കുകയുള്ളൂ.
സ്വപ്നയെ പിടികൂടുന്നതിനായി കേരള പോലീസിന്റെ സഹായം തേടാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് പോലീസ് തീരുമാനം. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്