തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
എയർ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരനായ സിബുവിനെതിരേ വ്യാജരേഖ ചമച്ച് ലൈംഗിക പീഡന പരാതി നൽകുകയും ആൾമാറാട്ടം ഉൾപ്പെടെ നടത്തിയതായും കാട്ടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അടുത്ത ആഴ്ച സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.