സ്വപ്ന സുരേഷ് ഐഎൻഎയുടെ പിടിയിലായതോടെ പഴയ കേസുകളും സ്വപ്നയ്ക്കു ചുറ്റും കുരുക്ക് മുറുകിത്തുടങ്ങി. എയർ ഇന്ത്യ സാറ്റ്സിലെ വ്യാജപരാതിയിലും ആൾമാറാട്ടം നടത്തിയ കേസിലും സ്വപ്ന സുരേഷിനെ പ്രതിയാക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സംഘം ആരംഭിച്ചു കഴിഞ്ഞു.
ഇതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് സഹായം ചെയ്തുകൊടുത്ത കൂടുതൽപേരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തുവരികയാണ്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവരും എയർ ഇന്ത്യ സാറ്റ്സിലെ ഉന്നതരും പ്രതി പട്ടികയിൽ ഉണ്ടാകാനാണ് സാധ്യത. എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനായ സിബുവിനെ വ്യാജപരാതിയിലൂടെ കുടുക്കാൻ ശ്രമിച്ചതിനുപിന്നിൽ സ്വപ്നയും എയർ ഇന്ത്യ സാറ്റ്സിലെ ഉയർന്ന ഉദ്യോഗസ്ഥനായ ബിനോയ് ജേക്കബും ഉൾപ്പെടെ ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവരികയാണ്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്ത സമയത്തുള്ള ബിനോയിയുടെയും സ്വപ്നയുടെയും സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടോയെന്ന വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുകയാണ്.
വർഷങ്ങൾക്കു മുന്പ് വെള്ളയന്പലത്തെ എയർ ഇന്ത്യ ഓഫീസിനു താഴെയുള്ള ഗ്രൗണ്ട് ഫ്ളോർ നടപടിക്രമങ്ങൾ പാലിക്കാതെ സാറ്റ്സിന് പ്രവർത്തിക്കാൻ നൽകിയതിനുപിന്നിൽ സ്വപ്നയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
വാടകയൊന്നും ഈടാക്കാതെയാണ് എയർ ഇന്ത്യ സാറ്റ്സിന് ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോർ നൽകിയിരുന്നത്. രാജഭരണകാലത്ത് ദാനമായി നൽകിയ വസ്തുവിലാണ് എയർ ഇന്ത്യ ഓഫീസ് പ്രവർത്തിക്കുന്നത്.
എയർ ഇന്ത്യയുടെ അല്ലാതെ ഒരു കാര്യത്തിനും ഈ സ്ഥലം ഉപയോഗിക്കാനോ ക്രയവിക്രയം നടത്താനോ വാടകയ്ക്ക് നൽകാനോ പാടില്ലെന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അക്കാലത്ത് സാറ്റ്സിന്റെ ഓഫീസ് പ്രവർത്തിക്കാൻ അന്ന് സ്വപ്ന ഇടപെട്ടതെന്നാണ് ഉയരുന്ന ആരോപണം.
വൈദ്യുതി ബിൽ അമിതമായതോടെ എയർ ഇന്ത്യയിലെ യൂണിയൻ നേതാക്കൾ സാറ്റ്സിന്റെ ഓഫീസ് മാറ്റണമെന്ന ആവശ്യവുമായി മുന്നോട്ടുവരികയായിരുന്നു. ഇതേത്തുടർന്ന് രണ്ട് വർഷങ്ങൾക്കു മുന്പ് സ്ഥാപനം അവി ടെ നിന്ന് മാറ്റി.
എയർ ഇന്ത്യ സാറ്റ്സ് വിട്ടപ്പോൾ ഉടനെ തന്നെ യുഎഇ കോൺസുലേറ്റിൽ ജോലിയിൽ കയറാനും പിന്നീട് അവിടെ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഐടി വിഭാഗത്തിൽ ഉടനെ തന്നെ പ്രവേശിക്കാനും സ്വപ്നയെ ഉന്നത ബന്ധങ്ങൾ സഹായിച്ചിരുന്നു.
ഇപ്പോഴാകട്ടെ കുരുക്കുകൾ ഓരോന്നായി മുറുകുകയാണ്. വ്യാജബിരുദം തയ്യാറാക്കിയതിനുള്ള അന്വേഷണവും കഴിഞ്ഞ ദിവസം തുടങ്ങിക്കഴിഞ്ഞു.