കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത ഒരു കോടി രൂപ എം. ശിവശങ്കറിനു ലഭിച്ച കോഴ വിഹിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദ് സ്വപ്ന സുരേഷിനു കൈമാറിയ ഈ തുക ശിവശങ്കറിനുള്ളതാണെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന വിവരം ആദ്യമായാണ് പുറത്തുവരുന്നത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ടെണ്ടർ വിവരങ്ങൾ എം. ശിവശങ്കർ സ്വപ്ന സുരേഷിന് ചോർത്തി നൽകി എന്ന വിവരവും റിപ്പോർട്ടിൽ പറയുന്നു.
ലേല നടപടികൾ തുടങ്ങുന്നതിനുമുന്പായി ശിവശങ്കർ വിവരം കൈമാറുകയായിരുന്നു പതിവ്. ലൈഫ് മിഷന്റെ 36 പ്രോജക്ടുകളിൽ 26 എണ്ണത്തിന്റെ കരാർ രണ്ട് കന്പനികൾക്കാണ് ലഭിച്ചിരിക്കുന്നത്.
ഇതിന്റെയെല്ലാം പിന്നിൽ സ്വപ്നയുടെ ഇടപെടൽ ഉണ്ടായിരുന്നെന്നാണ് ഇഡി പറയുന്നത്.
വിദേശത്തു നിന്നുള്ള സാന്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാർക്ക് കമ്മിഷൻ ലഭിക്കുന്നതിൽ തെറ്റില്ലെന്ന നിയമോപദേശം തനിക്ക് ലഭിച്ചിരുന്നതായും കമ്മിഷൻ തുകയിൽ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.