ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നു. പ്രതികളില്‍ ഉന്നതര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ പലരും ജാമ്യത്തിലിറങ്ങുമ്പോഴും എതിര്‍ക്കാന്‍ പോലും കഴിയാതെ ദേശീയ അന്വേഷണ ഏജന്‍സികള്‍.
എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ക്കു തീവ്രവാദം തെളിയിക്കണമെങ്കില്‍ ഇപ്പോഴും വിദേശത്തുള്ള പ്രതികളില്‍ പ്രമുഖനായ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കണം.
ദുബായ് പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ കഴിയുന്ന ഫൈസലിനെ ഇന്ത്യയ്ക്കു കൈമാറാന്‍ യുഎഇ ഇതുവരെ തയാറായിട്ടില്ല. യുഎഇയില്അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എല്ലാ ഏജന്‍സികളുടെ കേസിലും ജാമ്യം നേടി പുറത്തിറങ്ങി കഴിഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ പൊട്ടി്പ്പുറപ്പെട്ടപ്പോള് ഉണ്ടായിരുന്ന ആവേശമൊന്നും അന്വേഷണ ഏജന്സികള്ക്കില്ലെന്ന ആക്ഷേപം ശക്തമാണ്. കേസ് അന്വേഷണത്തെ രാഷ്ട്രീയ സ്വാധീനത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം ഉയരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്നതു രാഷ്ട്രീയസ്വാധീനവും ഉദ്യോഗസ്ഥസ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടും കേസ് അന്വേഷണത്തില്‍ ഉന്നതരെ പിടികൂടാത്തതും അന്വേഷണം ശക്തമാകാത്തതും രാഷ്ട്രീയ സ്വാധീനം മാത്രമാണെന്നു വ്യക്തമാകുന്നു.
ഇതിനിടയിലാണ് എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ക്കു തീവ്രവാദബന്ധം പോലും സ്ഥാപിക്കാന്‍ സാധിക്കാതെ കുറ്റപ്പത്രം സമര്‍പ്പിക്കേണ്ടിവരുന്നത്.
സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊന്നും എന്‍ഐഎക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പ്രതികളുടെ ഈ ഉദ്ദേശ്യം തെളിയിക്കാനായില്ലെങ്കില്‍ യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍ പറയുന്നു.
എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 20 പേര്‍ക്കെതിരേ കുറ്റപത്രവും നല്കി. പക്ഷേ ഭീകരപ്രവര്‍ത്തനത്തെകുറിച്ച് ഒരു വരി പോലും കുറ്റപത്രത്തിലില്ല. ഒരു പ്രതിക്കെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞില്ല.
പകരം സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ തകര്‍ക്കുമെന്നും അതുകൊണ്ടു തന്നെ ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കള്ളക്കടത്ത് നടത്തിയെന്ന് തെളിയിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കൂവെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്.
എന്നാല്‍ യുഎപിഎയിലെ 15-ാം വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരം നേരിട്ടുള്ള ഭീകരപ്രവര്‍ത്തനം ഇല്ലെങ്കില്‍ പോലും കുറ്റം നിലനില്‍ക്കുമെന്നാണ് എന്‍ഐഎയുടെ വാദം.
സ്വര്‍ണക്കള്ളക്കടത്ത് തടയേണ്ടത് യുഎപിഎ ഉപയോഗിച്ചാണോ എന്ന് പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവേ എന്‍ഐഎ കോടതിചോദിച്ചിരുന്നു. യുഎപിഎ കുറ്റം തെളിയിക്കാനായില്ലെങ്കില്‍ എന്‍ഐഎക്ക് അത് വലിയ തിരിച്ചടിയാകും.