കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിര്‍മാണക്കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കമ്മീഷന് തുകയ്ക്കു പുറമെ സ്വപ്നയ്ക്കു നല്കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്നു ലഭിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്. രണ്ടു ഫോണുകൾ ശിവശങ്കര്‍ ഉപയോഗിച്ചിരുന്നു.
ഇതിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണാണു യൂണിടാക്കിൽനിന്നു ലഭിച്ചത്. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ശിവശങ്കര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതി ക്രമക്കേടിലും ശിവശങ്കറിന്റെ ഇടപെടല്‍ ഇതോടെ വ്യക്തമായി. ഇതുസംബന്ധിച്ച കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കർ നിലവിൽ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണുള്ളത്.
സ്വപ്ന പറഞ്ഞതനുസരിച്ചു വാങ്ങിയ ആറ് ഐ ഫോണുകളില്‍ ഒരെണ്ണം സന്തോഷ് ഈപ്പന് എടുത്തിരുന്നു. ആറ് ഫോണുകളുടെയും വിവരങ്ങൾ ഐഎംഇഐ നന്പർ ഉൾപ്പെടെ യൂണിടാക് ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്നു സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിൽ പരാമര്‍ശമുണ്ടായിരുന്നു.
എന്നാൽ പിന്നീട് ചെന്നിത്തലയ്ക്കെന്നു പറഞ്ഞാണ് സ്വപ്ന ഫോൺ വാങ്ങിയതെന്നും അദ്ദേഹത്തിനു ഫോൺ ലഭിച്ചോ എന്നുറപ്പില്ലെന്നും സന്തോഷ് ഈപ്പൻ വിശദീകരിച്ചു.
രാജീവന്, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണു മൂന്നു ഫോണുകൾ നല്‍കിയത്. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ആണ് രാജീവന്. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു.
ഇദ്ദേഹത്തിനു ഫോണ്‍ സമ്മാനിക്കുന്ന ചിത്രം ചെന്നിത്തല പുറത്തുവിട്ടതോടെ ഫോണ്‍ പൊതുഭരണ സെക്രട്ടറിക്കു മുന്നില്‍ സറണ്ടര്‍ ചെയ്തു.
ഒരു ഫോണാണ് ഇനി കണ്ടെത്താനുള്ളത്. ഫോണ്‍ ആരുടെ കൈയിലാണെന്ന് എല്ലാവര്ക്കും അറിയാമെന്നു പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും പറഞ്ഞിരുന്നു. ഭരണരംഗത്തെ ഒരു പ്രമുഖനെയാണ് സംശയിക്കുന്നതെന്നാണു സൂചന.
ലൈഫ് മിഷൻ കേസിൽ സിഇഒ യു.വി. ജോസ് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായ അന്വേഷണം ഹൈക്കോടതി താത്കാലികമായി വിലക്കിയിരുന്നു.
എന്നാൽ സന്തോഷ് ഈപ്പനെതിരായ അന്വേഷണം സിബിഐ തുടരുകയാണ്. പുതിയ സാഹചര്യത്തിൽ വിലക്ക് നീക്കാന്‍ സിബിഐയുടെ ഭാഗത്തുനിന്നു നീക്കമുണ്ടായേക്കും.