തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിന് തുടക്കമിട്ട് ജുഡീഷ്യൽ കമ്മീഷൻ.
അന്വേഷണത്തിന് തെളിവുകൾ തേടി പത്രം പരസ്യം നൽകിയിരിക്കുകയാണ് കമ്മീഷൻ. സ്വർണക്കടത്തുകേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നേരത്തെ കേന്ദ്ര ഏജൻസികൾക്കെതിരേ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഇതേ ത്തുടർന്നാണ് ഇതേപ്പറ്റി അന്വേഷിക്കാൻ ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷനെ നിയോഗിച്ചത്.
അന്വേഷണത്തിൽ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും തെളിവുകൾ ആവശ്യപ്പെട്ടാണ് ഇപ്പോൾ ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് വി.കെ.മോഹനൻ പത്രപരസ്യം നൽകിയത്. ഈ മാസം 26നു മുന്‍പ് തെളിവുകൾ കമ്മീഷന് നൽകണം.
കേസിൽ കക്ഷി ചേരാൻ താൽപ്പര്യമുള്ളവർക്കും കമ്മീഷനെ സമീപിക്കാം. പ്രതികൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്താനുള്ള സാഹചര്യം എന്താണ്,
മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും പ്രതികളാക്കാൻ ഗൂഢാലോചന നടന്നോ എന്നീ കാര്യങ്ങളാണ് ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണപരിധിയിൽ പ്രധാനമായും ഉള്ളത്.