കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴി കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കൂടുതല്‍ കുരുക്കിലാക്കുന്നതെന്നു സൂചന.
സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയതായുള്ള വിവരങ്ങളാണു പുറത്തുവരുന്നത്.
കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണു സ്വര്‍ണം കടത്തിയതെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും സ്വപ്ന മൊഴി നല്‍കിയതായുള്ള വാര്‍ത്തകളാണു പുറത്തുവന്നിട്ടുള്ളത്.
ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും ഇവര്‍ മൊഴി നല്കിയത്രേ. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയതെന്നും കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങുകയും തുടര്‍ന്ന് അറ്റാഷെയെ കടത്തില്‍ പങ്കാളിയാക്കിയതായും ഇവര്‍ വെളിപ്പെടുത്തിയെന്ന വിവരങ്ങളുണ്ട്.
ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കുകയും 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തിയതായും സ്വപ്നയുടെ മൊഴിയിലുള്ളതായാണു വാര്‍ത്തകള്‍.
എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.