കൊച്ചി: ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ഉപദ്രവിക്കുകയാണെന്നും മജിസ്ട്രേട്ട് മുമ്പാകെ നല്കിയ രഹസ്യമൊഴി വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും ആരോപിച്ചു സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സ്വപ്ന ഉപഹര്‍ജി നല്‍കിയത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലൈ ആറിന് രാവിലെ 11 മുതല്‍ രാത്രി ഏഴു വരെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യല്‍ പോലീസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
ചോദ്യംചെയ്യലില്‍ കൂടുതല്‍ സമയവും രഹസ്യമൊഴിയിലെ വിവരങ്ങള്‍ വെളിപ്പെടുത്താനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡിക്കു നല്കിയ തെളിവെന്താണെന്ന് വ്യക്തമാക്കാന്‍ നിര്‍ബന്ധിച്ചെന്നും സ്വപ്ന ആരോപിക്കുന്നു.
എച്ച്ആര്‍ഡിഎസിലെ ജോലി ഉപേക്ഷിക്കണമെന്നും നിലവിലെ അഭിഭാഷകനെ മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത 770 കേസുകളില്‍ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു.
പോലീസിന്റെ ഭീഷണിയെത്തുടര്‍ന്ന് എച്ച്ആര്‍ഡിഎസ് എന്ന സര്‍ക്കാരിതര സംഘടന തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.