സ്വന്തം ലേഖകൻ
തലശേരി: സ്വർണക്കടത്ത് നായിക സ്വപ്ന സുരേഷ് പതിവായി എത്തിയിരുന്ന സ്ഥലങ്ങളിലൊന്നാണ് മാഹി. ഇവർ നിരവധി തവണ മാഹിയിലെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.
ദുബായിയിലെ സാമ്പത്തിക സ്ഥാപനത്തിലെ ഉന്നതന്റെ മാഹിയിലെ വസതിയിലാണ് സ്വപ്ന എത്തിയിരുന്നത്. സമ്പന്നന്റെ കുടുംബം വിദേശത്തുള്ള സമയത്താണ് ഇവർ മാഹി സന്ദര്‍ശനം നടത്തിയിരുന്നത്. എന്നാൽ, നാട്ടുകാരിൽ പലർക്കും സ്വപ്ന ആരാണെന്നോ, എന്തിനാണെന്നോ ഇവിടെ വരുന്നതെന്ന് അറിയാമായിരുന്നില്ല.
സ്വർണക്കടത്തു കേസ് വിവാദമായി ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് നാട്ടുകാർ ഇവിടെ വന്നുപോയിരുന്നത് സ്വപ്നയാണെന്നു മനസിലാക്കുന്നത്.
സാധാരണക്കാരുമായി തീരെ അടുപ്പമില്ലാത്തയാളാണ് മാഹിയിലെ സന്പന്നൻ. മലയാളം സംസാരിക്കാൻ തന്നെ വിമുഖൻ. ഇയാൾക്കെതിരേ ദുബായിയിലെ ഇടത് അനുകൂല സംഘടനയുടെ മുന്‍ ഭാരവാഹികള്‍ പാര്‍ട്ടി നേതാക്കള്‍ക്കു നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒരു നഗരസഭ കൗണ്‍സിലറുടെ കൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരത്തിലെ പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെട്ട സന്പന്നൻ പിന്നീടു തന്റെ ബന്ധങ്ങള്‍ ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കു വളര്‍ത്തിയെടുക്കുകയായിരുന്നു.
ഇടതു സഹയാത്രികനായ ദുബായിയിലെ മാധ്യമ പ്രവര്‍ത്തകനും ഈ സമ്പന്നനും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് ഇപ്പോള്‍ പേരു മാറ്റിയിട്ടുള്ള ഇടതു സംഘടനയുടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കെഎംസിസിക്കു ദുബായി ഗവണ്മെന്റിന്റെ അംഗീകാരം കിട്ടിയപ്പോള്‍ സാധാരണക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ഇടതു സംഘടനയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ പോലും മെനക്കെടാതെ നേതാക്കള്‍ക്കൊപ്പം സമ്പന്നര്‍ക്കിടയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഇവര്‍ ചെയ്തതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സ്വപ്നയും ഇവരുമായുള്ള സൗഹൃദമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നേതാക്കളെ ഉപയോഗപ്പെടുത്തി ദുബായിയിലെ വന്‍കിട സ്ഥാപനങ്ങളുടെ സാമ്പത്തിക സുരക്ഷ ഏറ്റെടുത്ത ഇയാളുടെ നീക്കത്തില്‍ ബിസിനസ് പങ്കാളികൾ പോലും പലപ്പോഴും അമ്പരന്നിട്ടുണ്ട്.
സ്വര്‍ണക്കടത്ത് പിടികൂടിയതോടെ ദുബായിയിലെ ഇടതു സഹയാത്രികരായ സാംസ്കാരിക പ്രവര്‍ത്തകര്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
തങ്ങൾ പറഞ്ഞിരുന്നതു കേട്ട് ഇത്തരക്കാർക്കെതിരേ ജാഗ്രത പാലിച്ചിരുന്നെങ്കിൽ ഈ വിവാദത്തിൽ പാർട്ടിയും സർക്കാരും ചെന്നു പെടില്ലായിരുന്നെന്ന് ഇവർ രാഷ്ട്രദീപികയോടു പറഞ്ഞു.