കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) നടത്തിവരുന്ന ചോദ്യംചെയ്യലിൽ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നു സൂചന.
അറസ്റ്റിലായശേഷം സ്വപ്നയില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങളുടെ സാന്നിധ്യത്തിലാണ് ഇത്തവണത്തെ ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച തുടങ്ങിയ ചോദ്യം ചെയ്യൽ നാളെയും തുടരും.
മൊബൈല്‍ ഫോണില്‍ നിന്നു സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇതില്‍ കൂടുതൽ വിഐപികളെ കുടുക്കാന്‍ പോന്ന തെളിവുകളുണ്ടെന്നാണു സൂചന.
സ്വപ്ന ആദ്യം നല്കിയ മൊഴികളില്‍ പലതും കളവാണെന്നും വ്യക്തമായിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തപ്പോൾ നല്കിയ മൊഴികളും സ്വപ്നയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റില്‍നിന്നു മതഗ്രന്ഥം കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്നയും ജലീലുമായുളള പരിചയത്തെക്കുറിച്ചും വിവരങ്ങൾ തേടും.
ജലീലിനോട് നേരിട്ട് സഹായം അഭ്യര്ഥിക്കാനിടയായ സാഹചര്യങ്ങൾ സ്വപ്ന വിശദീകരിക്കേണ്ടി വരും. ആദ്യഘട്ടത്തില്‍ 12 ദിവസം സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു സ്വപ്നയുടെ മൊബൈലിൽനിന്നു ഡിലീറ്റ് ചെയ്ത ഡാറ്റകളെന്നാണു വിവരം.
സ്വര്‍ണക്കടത്ത് അരങ്ങേറിയ ജൂണ്‍ 30 നും ജൂലൈ പത്തിനുമിടെ ഇവര്‍ 4000 ജിബി ഡാറ്റയാണു ഡിലീറ്റ് ചെയ്തത്. ഇതില്‍ വീണ്ടെടുത്ത തെളിവുകള്‍ കസ്റ്റംസിനും ഇഡിക്കും എന്‍ഐഎ കൈമാറും.
സ്വപ്നയെ ചോദ്യം ചെയ്തശേഷം ശിവശങ്കറെ വീണ്ടും വിളിപ്പിക്കും. ജലീലിനൊപ്പം രണ്ടാമതൊരു മന്ത്രിയും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
ഒരു മന്ത്രിയുടെ പുത്രനുമായുള്ള സ്വപ്നയുടെ ബന്ധവും അറിയേണ്ടതുണ്ട്. കസ്റ്റഡിയിലുള്ള എല്ലാ ദിവസവും ബന്ധുക്കളെ കാണാന്‍ സ്വപ്നയ്ക്കു കോടതി അനുമതി നല്‍കിയിട്ടുണ്ട്.