തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ചെന്നൈയിൽ ഒളിവിൽ കഴിയുന്നതായി വിവരം. സ്വപ്നയുടെ മൊബൈൽ ഫോണ് പലപ്പോഴായി ഓണായപ്പോഴും ടവർ പരിധി ചെന്നൈയിലാണെന്നാണു കസ്റ്റംസിനു വ്യക്തമായത്.
ഇവർ തിരുവനന്തപുരത്തു നിന്ന് ആംബുലൻസിൽ കടന്നതാകാമെന്നാണു നിഗമനം. ഇതിനു സൗകര്യം ചെയ്തു കൊടുത്തതെന്നു സംശയിക്കുന്ന ചില ഉന്നതരുടെ ഫോണ് രേഖകൾ അടക്കം പരിശോധിക്കുന്നുണ്ട്.
എന്നാൽ, അന്വേഷണ സംഘത്തെ കബളിപ്പിക്കാൻ മൊബൈൽ ഫോണ് മറ്റാരുടെയെങ്കിലും പക്കൽ ചെന്നൈയിലേക്കു കൊണ്ടു പോയതാണോയെന്ന സംശയവുമുണ്ട്.
തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളിൽ കസ്റ്റംസ് ഇന്നലെ ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. സ്വപ്നയുടെ ജാമ്യഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി നിർദേശം വന്ന ശേഷം ഇവർ കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
അതിനിടെ, സ്വപ്ന സുരേഷുമായി കൂടുതൽ ഉന്നതർ അടക്കമുള്ളവർക്കു ബന്ധമുള്ളതായ വിവരവും പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ മേഖലയിലെ ബന്ധം കൂടാതെ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ഉന്നത വ്യവസായ പ്രമുഖർ എന്നിവരടക്കം കൂടുതൽ പേർക്കു ബന്ധമുള്ളതായാണു വിവരം.
ഇവർക്കു സ്വർണക്കടത്തു കേസിൽ ബന്ധമുണ്ടോയെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്. ഇതു സംബന്ധിച്ചു സ്വപ്നയെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇവരുമായി ഏതുതരത്തിലുള്ള ബന്ധമാണുള്ളതെന്നു വ്യക്തമാകുകയുള്ളു.
ഇന്നലെ, സ്വപ്നയുടെ സ്വർണക്കള്ളക്കടത്തു സംഘത്തിലെ ബിനാമിയായ നെടുമങ്ങാട് സ്വദേശി സന്ദീപ്നായരുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എത്തിയത്.
നയതന്ത്ര ഉദ്യോഗസ്ഥ എന്നു തെറ്റിദ്ധരിച്ചാണ് ഇവിടെ എത്തിയതെന്നാണു ശ്രീരാമകൃഷ്ണൻ നേരത്തെ പറഞ്ഞത്. ഉന്നത നേതാക്കളുമായും ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായുള്ള സ്വപ്നയുടെ അടുത്ത ബന്ധം വളർച്ചയ്ക്ക് ആക്കം കൂട്ടി.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത സ്വപ്ന, രാജ്യത്തെ തന്ത്രപ്രധാന മേഖലയിലേക്കുള്ള സ്റ്റാർട്ടപ്പുകളെ എത്തിക്കുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചുവെന്നതും അത്ഭുതപ്പെടുത്തുന്നതാണ്.
ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്പനികളെയും ചെറു സാറ്റ്ലൈറ്റുകളും മറ്റും നിർമിക്കുന്നത് ഉൾപ്പടെയുളള സ്റ്റാർട്ടപ്പുകളെയും കേരളത്തിലേക്ക് ആകർഷിക്കാനാണ് സ്പേസ് പാർക്കിന് രൂപം നൽകിയത്.
ഇതിലെ സുപ്രധാന തസ്തികയിലാണു സ്വപ്ന എത്തിയത്. നല്ല ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന സർക്കാർ സംരംഭങ്ങൾ എത്രമാത്രം തട്ടിപ്പുകാരുടെ കൈകളിൽ എത്തുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാട്ടാനാകും.