തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടേതെന്നു തോന്നുന്ന ശബ്ദരേഖ പുറത്തുവന്നതിൽ ദുരൂഹത.
സംഭവത്തിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുകയാണ്. തന്റേതു തന്നെ പോലെയെന്നു സ്വപ്ന സമ്മതിച്ചതായി ജയിൽ ഉന്നതർ പറയുന്നെങ്കിലും ആരാണ് അതു റിക്കാർഡ് ചെയ്തതെന്നോ എപ്പോഴാണെന്നോ തനിക്കറിയില്ലെന്നാണ് സ്വപ്നയുടെ നിലപാട്.
ഇതാണ് ദുരൂഹത വളർത്തിയിരിക്കുന്നത്.ശബ്ദരേഖ വ്യാജമായി നിർമിച്ചതല്ലെന്നു സ്വപ്ന പറഞ്ഞ സ്ഥിതിക്കു ഏതു വകുപ്പ് ചുമത്തി കേസെടുക്കണമെന്ന ചിന്താക്കുഴപ്പത്തിലാണ് പോലീസ്.
ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം വേണമെന്നു ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടതോടെയാണ് ഏതു രീതിയിൽ കേസെടുക്കണമെന്ന ആശയക്കുഴപ്പം പോലീസിനെ പിടികൂടിയത്.
ഇക്കാര്യത്തിൽ പോലീസ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. ഇന്നു നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകും.
കുറ്റകൃത്യമോ?
ശബ്ദം തന്റേതിനു സാമ്യമുണ്ടെന്നു സ്വപ്ന പറഞ്ഞെന്നാണ് ജയില് ഡിഐജിയുടെ റിപ്പോര്ട്ടില് പറയുന്നത്. എന്നാൽ, ഇതു വിശദമായി സൈബർ സെല്ലിനെക്കൊണ്ടു പരിശോധിക്കണമെന്നും നിർദേശിക്കുന്നു.
ശബ്ദരേഖ വ്യാജമായി നിർമിച്ചതല്ലെങ്കിൽ അത് ഒരു കുറ്റകൃത്യമാകുന്നില്ല. തന്റെ ശബ്ദരേഖ പുറത്തുപോയതിൽ സ്വപ്ന പരാതിയൊന്നും നൽകിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ കേസെടുത്താലും അതു നിലനിൽക്കുമോ എന്ന ആശയക്കുഴപ്പവും പോലീസിനെ പിടികൂടിയിട്ടുണ്ട്.അതേസമയം, ഫോൺ സംഭാഷണമാണ് റിക്കാർഡ് ചെയ്തതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിന്റെ സംശയം.
അട്ടക്കുളങ്ങര ജയിലിൽനിന്ന് ഇത്തരമൊരു ശബ്ദ സന്ദേശം പുറത്തു പോയിട്ടില്ലെന്നാണ് ഡിഐജി പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്ന സ്വപ്നയുടെ ശബ്ദ സന്ദേശം ഒരു ഓൺലൈൻ പോർട്ടലിലൂടെയാണ് പ്രചരിച്ചത്.
ശബ്ദരേഖ പുറത്തുവന്നതോടെ എൽഡിഎഫ് കേന്ദ്രങ്ങൾ ഇതു ഉപയോഗിച്ചു കേന്ദ്രഏജൻസിക്കെതിരേയുള്ള ആരോപണം കടുപ്പിച്ചിട്ടുണ്ട്.
ഇഡി അടക്കമുള്ള കേന്ദ്രഏജൻസികൾ പകപോക്കലാണ് നടപ്പാക്കുന്നതെന്ന തങ്ങളുടെ ആരോപണത്തിനു ശക്തിപകരുന്നതാണ് ശബ്ദരേഖയെന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്. അതേസമയം, പുതിയ വിവാദം ഇഡിയെയും സമ്മർദത്തിലാക്കിയിട്ടുണ്ടെന്നാണ് സൂചന.