കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴി പൊളിയുന്നു. ലോക്കറില്‍നിന്നു കണ്ടെത്തിയ പണം തനിക്ക് കമ്മീഷനായി ലഭിച്ചതാണെന്നു സ്വപ്ന നല്കിയ മൊഴിയാണു അന്വേഷണ ഏജന്‍സികള്‍ പൊളിച്ചടുക്കുന്നത്.
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി സ്വപ്നയ്ക്ക് കമ്മീഷന് നല്‍കിയിട്ടില്ലെന്നു പദ്ധതിയുടെ നടത്തിപ്പുകാരായ സെയ്ന് വെഞ്ച്വേര്‍സ് ഡയറക്ടര്‍ പി.വി. വിനോദിന്റെ മൊഴിയും പുറത്തുവന്നതോടെ സ്വപ്നയുടെ നില കൂടുതല്‍ പരുങ്ങലിലായി. എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിലാണു കേസിലെ നിർണായകമായ വിവരങ്ങള്‍ പുറത്തുവന്നത്.
സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം വെളിപ്പെടുത്തിയിരുന്നില്ലെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ലോക്കറില്‍നിന്നു കണ്ടെടുത്ത സ്വര്‍ണം വിവാഹ സമയത്ത് പിതാവ് നല്കിയ സമ്മാനമായിരുന്നുവെന്നും പണം ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ 150 വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂണിടാക് നല്കിയ കമീഷനാണെന്നും അറിയിച്ചിരുന്നു. ഈ വാദത്തെ ഖണ്ഡിക്കുന്ന തെളിവുകളാണ് ഇഡി കോടതിയില്‍ നല്‍കിയത്.
കമ്മീഷന് പണമായി സ്വപ്നയ്ക്കു നല്‍കിയിട്ടില്ലെന്നാണു യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ഇഡിക്ക് നല്കിയ മൊഴി. സ്വപ്ന അടക്കം മൂന്നു പേര്‍ക്കായി സന്ദീപിന്റെ ഇസോമോങ്ക് ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു പണം അയച്ചതെന്നു ഇയാള്‍ സമ്മതിച്ചതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം മറ്റൊരു പ്രതിയായ സന്ദീപ് നായരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ലോക്കറില്‍നിന്നു കണ്ടെടുത്ത പണം കമ്മീഷനായി ലഭിച്ചതല്ലെന്നും പ്രഥമ ദൃഷ്ട്യാ പ്രതിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും നേരത്തേ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കമ്മീഷന് മുഖാന്തിരമല്ലാതെ ഇത്രയധികം രൂപ പ്രതിക്ക് എവിടെനിന്നു ലഭിച്ചുവെന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണു വിവരം.