സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി ചോര്‍ന്നതു കസ്റ്റംസില്നിന്നാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.
കസ്റ്റംസിലെ ഇടതുപക്ഷ അനുഭാവിയായ ഉദ്യോഗസ്ഥനെതിരേയുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനാണ് ഐബി കൈമാറിയത്. സ്വപ്നയുടെ മൂന്നു പേജ് മൊഴിയാണ് ചോര്‍ന്നത്.
ഇതിൽ മാധ്യമ പ്രവർത്തകൻ അനില്‍ നമ്പ്യാരെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗമുണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന് സ്വന്തം ഫോണില്‍ പകര്‍ത്തിയ മൊഴി ബ്ലൂടൂത്ത് വഴി ഭാര്യയുടെ ഫോണിലേക്കും അതില്‍നിന്ന് ഇന്റര്‍നെറ്റ് ഉപയോഗിച്ചു പുറത്തേക്കും അയയ്ക്കുകയായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്നയുടെ മൊഴിയെടുക്കാൻ കസ്റ്റംസ് നിയോഗിച്ചത് ഒരു വനിതയടക്കം മൂന്നംഗ സംഘത്തെയായിരുന്നു. ഇവരില്‍ മൊഴിയെടുക്കലിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥനെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയിരിക്കുന്നത്.
മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്നു മാറ്റിനിര്‍ത്തിയ കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. ദേവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്നതാണു റിപ്പോര്‍ട്ട്.
സ്വപ്നയെ ആദ്യം ചോദ്യംചെയ്ത സംഘത്തില്‍ എന്‍.എസ്. ദേവും ഉണ്ടായിരുന്നു. എന്നാല്‍, അന്ന് അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി ഉണ്ടായിരുന്നില്ല. ജൂലൈ 31നാണ് അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയത്. ഈ സംഘത്തില്‍ ദേവ് ഉണ്ടായിരുന്നില്ല.
സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ചുവിടാന്‍ അനില്‍ നമ്പ്യാര്‍ ഇടപെട്ടെന്നു വ്യക്തമാക്കുന്ന തരത്തിലായിരുന്നു സ്വപ്ന കസ്റ്റംസിനു നല്കിയ മൊഴി.