കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ തനിക്കെതിരെ ഗൂഢാലോചന ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സ്വപ്ന സുരേഷ് നല്കിയ ഹര്‍ജിയില്‍ കേസിലെ പരാതിയുടെ പകര്‍പ്പും പ്രഥമവിവര മൊഴിയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി 21നു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളിലൂടെ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നുമാരോപിച്ചാണ് കേസെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകന് അഡ്വ. ആര്. കൃഷ്ണരാജ് കോടതിയില്‍ വ്യക്തമാക്കി.
ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ഹര്‍ജിയില്‍ വിശദീകരണം നല്‍കാമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് സ്വപ്ന നടത്തിയതെന്നും വ്യാജപ്രചാരണമാണിതെന്നും ചൂണ്ടിക്കാട്ടി മുന്‍മന്ത്രി കെ.ടി. ജലീല്‍ നല്കിയ പരാതിയിലാണ് കേസ്.