എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സ്വർണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് രണ്ടു ഫോണുകളിലായി നാലു സിംകാർഡ്. ഇതിലെ ഒരു നന്പറിലെ ഫോൺ വിവരങ്ങൾ മാത്രമാണ് പുറത്തുവന്നത്.
ഇതിൽ നിന്നും മന്ത്രി കെ.ടി ജലീലിനേയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ എസ്.നാസറിനേയും എം.ശിവങ്കറിനേയും വിളിച്ചതായുള്ള രേഖകൾ പുറത്തുവന്നിട്ടുണ്ട്.
ഏപ്രിൽ അഞ്ചു മുതൽ ജൂലൈ അഞ്ചുവരെയുള്ള ഫോൺവിളികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. മറ്റു മൂന്നു നന്പരുകളിൽ നിന്നും ആരയൊക്കെ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായപ്പോൾ പിടികൂടിയ ഒരു ഫോണിലെ ഒരു നന്പരിൽ നിന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഇതിലെ വിവരങ്ങളിൽ നിന്നു തന്നെ വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടായത്. സ്വപ്നയുടെ ഫോൺ വിളികളിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരടക്കമുണ്ടെന്ന് പുറത്തു വന്ന രേഖകളിൽ നിന്ന് തന്നെ വ്യക്തമാണ്.
ഈ സാഹചര്യത്തിൽ ഇനി പുറത്തു വരാനിരിക്കുന്ന വിവരങ്ങളെക്കുറിച്ച് ഓർത്ത് പലരുടേയും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. യുഎഇ കോൺസുലേറ്റ് ജീവനക്കാരിയെന്ന നിലയിൽ സ്വപ്ന പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും നേതാക്കൻമാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിളിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ പുറത്തുവരാനിരിക്കുന്ന ഫോൺവിളികളിൽ തങ്ങളുടെ നന്പരുണ്ടായാൽ അതേക്കുറിച്ച് വിശദീകരിക്കാൻ പലരും വിയർക്കുമെന്ന് ഉറപ്പാണ്. ഇതാണ് സർക്കാരിനേയും പ്രതിപക്ഷത്തേയും ഒരുപോലെ നെഞ്ചിടിപ്പേറ്റുന്നത്.
തങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടേയെന്നും ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറയുന്നുണ്ടെങ്കിലും പലരും ആശങ്കയിൽ തന്നെയാണ്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തു വിവരങ്ങളിൽ പലവിധ ആരോപണങ്ങൾ ഇരു കൂട്ടരും ഉയർത്തിയെങ്കിലും പലതും ഇതുവരെ ആരേയും കാര്യമായി പരിക്കേൽപ്പിച്ചിട്ടില്ല.
രാജ്യാന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന സ്വർണക്കടത്തിൽ ഇപ്പോൾ പിടിയിലായതിനേക്കാൾ വലിയ കണ്ണികൾ പുറത്തു ഉണ്ടെന്നതിനാൽ വരും ദിവസങ്ങളിലും രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും സ്വർണക്കടത്തു കേസിനു പിന്നാലെ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്.