തിരുവനന്തപുരം: സ്വപ്ന നായരുടെ നിയമനം താൻ അറിഞ്ഞിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രി അറിയേണ്ട കാര്യമില്ല. വിവാദം പുറത്തു വന്നതിനു ശേഷമാണ് നിയമനത്തെക്കുറിച്ച് അറിയുന്നത്. മുഖ്യമന്ത്രിയോടു പറയും എന്ന് സ്വപ്നയോടു പറഞ്ഞിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്.
ഇതിൽനിന്നു കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രിയോടു പറഞ്ഞു കാണും എന്ന് അവർ ധരിച്ചുകാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.പി.ടി. തോമസ് ഇടപെട്ട ഭൂമി ഇടപാട് ഗൗരവമുള്ളതാണ്.
എന്നാൽ അതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല. ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാർ ശ്രീനാരായണീയരുടെ യും കണ്ണിൽ കുത്തി എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ആശ്ചര്യകരമായ ആരോപണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറ്റേതൊരു സർവകലാശാലയുടെ പ്രവർത്തനം പോലെ തന്നെയായിരിക്കും ഓപ്പണ്‍ സർവകലാശാലയുടെ പ്രവർത്തനവും.
അക്കാദമിക് വിദഗ്ധരായിരിക്കും അവിടെ നിയമിക്കപ്പെടുക. അല്ലാതെ മറ്റു പരിഗണനകളൊന്നുമില്ല. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സർവകലാശാലയെ വില കുറച്ചു കാണിക്കാൻ വെള്ളാപ്പള്ളിയേപ്പോലുള്ളവർ തയാറാകരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.