കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വന്തം മൊബൈല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ സ്വപ്ന നശിപ്പിച്ചു.
സ്വര്‍ണക്കടത്തുമായി സ്വപ്നയുടെ ബന്ധം ഉറപ്പിക്കുന്ന വിവരങ്ങളാണ് ഫോണില്‍നിന്നു നശിപ്പിച്ചു കളഞ്ഞിട്ടുള്ളതെന്ന് എന്‍ഐഎ ഉറപ്പിക്കുന്നു.
സ്വപ്നയുടെ ആറ് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍നിന്നു സ്വപ്ന വാട്സ് ആപ്പ് അക്കൗണ്ടുവഴി സരിത്തുമായും യുഎഇ കോണ്‍സുലേറ്റ് അധികൃതരുമായും കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര ബാഗേജിനെ കുറിച്ചു കൈമാറിയ സന്ദേശങ്ങള്‍ കണ്ടെത്തി.
ഇതില്‍ നിര്‍ണായ തെളിവുകള്‍ ആയേക്കാവുന്ന വിവരങ്ങളാണ് സ്വപ്ന നശിപ്പിച്ചത്. ഐടി വിദഗ്ധന്റെ സഹായത്തോടെ ഇവ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ.
സ്വപ്നയുടെ രണ്ട് ലാപ്പ്ടോപ്പിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ്. ലാപ്ടോപ്പിലെ വിവരങ്ങളും എന്‍ഐഎ പരിശോധിച്ചുവരികെയാണ്.
ഇതോടൊപ്പം സന്ദീപിന്റെയും സ്വപ്നയുടെയും ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഇ-മെയില്‍ അക്കൗണ്ടുകളും പരിശോധിച്ചു. പ്രതികളുടെ ഗൂഡാലോചനയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നുകരുതുന്ന ഒരു ഡിവിആര്‍ തെളിവെടുപ്പിനിടെ സന്ദീപില്നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പലതും ഡിജിറ്റല്‍ രേഖകളില്‍ ഉണ്ടെന്ന് എന്‍ഐഎ പറയുന്നു.
അയച്ചതും വാങ്ങിയതും ഞാനല്ലെന്ന് സ്വപ്ന
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഫലമായാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നതെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും എന്‍ഐഎ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ സ്വപ്ന വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന് പണം സമാഹരിച്ചതിനോ സംവിധാനമൊരുക്കിയതിലോ പങ്കില്ല. തന്റെ പക്കല്‍നിന്ന് ഒന്നുംതന്നെ കണ്ടെടുത്തിട്ടില്ല. ബാഗേജ് വന്നത് തന്റെ പേരിലല്ല. അയച്ചതും താനല്ല. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ല.
ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചിട്ടില്ല. യുഎഇ കോണ്‍സുലേറ്റിന്റെ ചുമതലക്കാരന് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചത്.
ജനിച്ചതും വളര്‍ന്നതും യുഎഇയിലാണെന്നും അറബി ഉള്‍പ്പെടെ നാല് ഭാഷകള്‍ അറിയാം. ഭാഷാ വൈധഗ്ധ്യം കണക്കിലെടുത്താണ് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതെന്നും ജാമ്യാപേക്ഷയില്‍ സ്വപ്ന വ്യക്തമാക്കി.