കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഉയർന്ന രാഷ്ട്രീയക്കാരടക്കം ഉന്നതസ്വാധീനമുള്ള വ്യക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നു കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ ഇതിലുണ്ട്. അധികാരകേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. ഈ ഘട്ടത്തില്‍ സ്വപ്നയ്ക്കു മൊഴിപ്പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 108 പ്രകാരം രേഖപ്പെടുത്തിയ തന്റെ മൊഴിയുടെ പകര്‍പ്പുകള്‍ക്കായി സ്വപ്ന നല്കിയ അപേക്ഷ എറണാകുളം അഡീഷണൽ സിജെഎം കോടതി നിരസിച്ചിരുന്നു.
ഇതിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്.
സ്വപ്നയുടെ മൊഴിയില്‍ സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവരും ഉന്നതസ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ചു പരാമര്‍ശമുണ്ട്.
പല രാഷ്ട്രീയനേതാക്കളുമായും വിദേശ പ്രതിനിധികളുമായും തനിക്കു ബന്ധമുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുമുണ്ട്. മാധ്യമങ്ങള്‍ പുറത്തുവിട്ട ചില ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങളില്‍നിന്ന് ഇതു വ്യക്തമാണ്.
സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് പുറത്തായാല്‍ കേസുമായി ബന്ധമുള്ള ഉന്നത വ്യക്തികളിലേക്കുള്ള തുടരന്വേഷണം തടസപ്പെടും. സുരക്ഷാ ഭീഷണിയുണ്ടെന്നു ഭയന്നു സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയത്.
ഇപ്പോഴും സ്ഥിതിക്കു മാറ്റമില്ല. ആ നിലയ്ക്കു മൊഴിപ്പകര്‍പ്പ് പുറത്തുവരുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്നും കസ്റ്റംസ് പറഞ്ഞു.
അന്വേഷണഘട്ടത്തില്‍ മൊഴിയുടെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കുന്നതിനെ ക്രിമിനല്‍ നടപടി ചട്ടത്തിലും ഇന്ത്യന്‍ തെളിവു നിയമത്തിലും തടയുന്നുണ്ട്. പ്രതികളുടെ മൊഴി കോടതി ഇതുവരെ രേഖകളുടെ ഭാഗമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
വിദേശത്തടക്കം അന്വേഷണം നടക്കുന്നുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വപ്നയുടെ ഹര്‍ജി നാളെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.