തലശേരി: കേരളത്തിലെ ചില നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ദുബായ് സ്വപ്നഭൂമിയാണ്. സന്പന്നരുടെ ആതിഥേയത്വം, നിശാക്ലബുകളിലെ വിരുന്ന്, ബിസിനസ് ഇടപാടുകൾ അങ്ങനെ അങ്ങനെ ലഹരിപിടിപ്പിക്കുന്ന പലതും ഈ മഹാനഗരത്തിലുണ്ട്.
അന്യനാട്ടിൽനിന്നു ചെല്ലുന്പോൾ ഇതെല്ലാം കൃത്യമായി ഏർപ്പാടാക്കാൻ വിശ്വസ്തരായ ആളുകൾ അവിടെ ഉണ്ടെങ്കിൽ കൂടുതൽ സന്തോഷം. ഇങ്ങനെ പറക്കുന്ന പലർക്കും വലിയ ആശ്രയവും സഹായവുമായിരുന്നു സ്വപ്ന സുന്ദരി.
സ്വപ്ന വിചാരിച്ചാൽ മണലാരണ്യത്തിൽ ഏത് ഇടപാടുകളും കുഴപ്പങ്ങളില്ലാതെ നടക്കും. അത്രയ്ക്കായിരുന്നു അവരുടെ സ്വാധീനവും ബന്ധങ്ങളും.
സ്വപ്ന റാണി ദുബായിയിലെത്തുമെന്ന അറിയിപ്പ് കിട്ടിയാലുടന്‍ മറ്റ് അപ്പോയ്മെന്റുകളെല്ലാം റദ്ദ് ചെയ്ത് ഇവര്‍ക്കായി കാത്തിരിക്കാൻ ശേഷിയും സ്വാധീനവുമുള്ളവർ റെഡി.
ഇതു ബിസിനസ് മേഖലയിലെ ഇവരുടെ സുഹൃത്തുക്കള്‍ത്തന്നെ രഹസ്യമായി സമ്മതിക്കുന്നു. സ്വപ്നയെത്തുമ്പോള് പിന്നാലെ കേരളത്തില്‍നിന്നുള്ള ചില പ്രമുഖരും ദുബായിയിലെത്തുക പതിവാണ്.
ഇടതു -വലതു മുന്നണികളിലെ നേതാക്കളില്‍ പലരെയും കൂടാതെ ഉന്നത ഉദ്യോഗസ്ഥരും സ്വപ്നയ്ക്കു പിന്നാലെ ദുബായിയിലേക്കെത്തും. ഇവിടുത്തെ നിശാ ക്ലബുകളില്‍ റൊമാനിയന്‍, മൊറോക്ക, ലിബിയ, റഷ്യന്‍ സുന്ദരിമാരുടെ നൃത്തം ആസ്വദിക്കാന്‍ പോകുന്നവരാണ് ഒരു കൂട്ടർ.
ഇക്കാര്യങ്ങളെല്ലാം മനസറിഞ്ഞു ചെയ്തു കൊടുക്കുകയാണ് സ്വപ്നറാണിയുടെ പ്രത്യേകത. ലിമോസിന്, ലക്സസ്, ഹമ്മര്‍ തുടങ്ങിയ ആഡംബര കാറുകളില്‍ കറങ്ങുന്ന നേതാക്കള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്ക് അകമ്പടിയായ സമ്പന്നരും സ്വപ്നറാണിക്കൊപ്പം ഉണ്ടാകാറുണ്ട്.
ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ചു തലയില്‍ ക്യാപ്പും വച്ചാണ് കേരളത്തിലെ പ്രമുഖരില്‍ പലരും നിശാ ക്ലബുകളിലെത്താറ്. സ്വപ്ന കുടുങ്ങിയതോടെ അങ്കലാപ്പിലായിരിക്കുന്നത് ഇവരിൽ പലരുമാണ്.
സ്വപ്നയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പുറത്തുവരുന്നതോടെ വിവാദങ്ങളിലേക്ക് തങ്ങളുടെ പേരും വലിച്ചിഴയ്ക്കപ്പെടുമോയെന്നതാണ് ഇവരുടെ ആശങ്ക. അഞ്ച് മൊബൈൽ ഫോണുകളെങ്കിലും സ്വപ്ന ഉപയോഗിച്ചിരുന്നതായിട്ടാണ് നിഗമനം.
(തുടരും).