കൊച്ചി: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തിയ ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.
കേസിലെ മറ്റ് പ്രതികളുടെ മൊഴിയുൾപ്പെടെ പരിശോധിച്ച ശേഷം പൊരുത്തക്കേടുകളുണ്ടെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം ഗൂഢാലോചന നടത്തിയെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു.
എറണാകുളം പോലീസ് ക്ലബിൽ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറുകൾ നീണ്ടു. കേസിൽ മൂന്നാം തവണ നൽകിയ നോട്ടീസിലാണ് സ്വപ്ന അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
അറസ്റ്റ് ഭയക്കുന്നില്ല: സ്വപ്ന സുരേഷ്
അതേസമയം, അറസ്റ്റ് ഭയക്കുന്നില്ലെന്നും തന്നെ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പേടിയില്ല.
തെറ്റ് ചെയ്തെങ്കിൽ മാത്രമല്ലേ പേടിക്കേണ്ട കാര്യമുള്ളൂ. ഗൂഢാലോചന കേസ് ഒരു വ്യാജ കേസാണ്. ആദ്യം ജാമ്യം കിട്ടുന്ന കേസായിരുന്നു.
പിന്നീട് ജാമ്യമില്ലാ കുറ്റംകൂടി ചുമത്തി. ശരിക്കും ഇത് കുടുക്കുകയല്ലേ, താൻ ചോദ്യങ്ങളെ പേടിക്കുന്നുവെന്നാണ് പറയുന്നത്.
മാധ്യമങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. കൈരളി ചാനലിനെ ഒഴിവാക്കിയെന്ന് പറയുന്നത് തെറ്റായ കാര്യമാണ്.
താൻ മാധ്യമങ്ങളോട് സംസാരിക്കുന്പോൾ അത് തടസപ്പെടുത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകന്റെ ഫോണിലേക്ക് ബ്രിട്ടാസ് എന്നുപറയുന്നൊരാളുടെ കോൾ വന്നിരുന്നു.
ഇതിന്റെ തെളിവ് കൈയിലുണ്ട്. ഇക്കാര്യം അപ്പോൾ എനിക്ക് പറയാമായിരുന്നെന്നും എന്നാൽ ഒഴിവാക്കിയതാണെന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്നു സർക്കാർ
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെ തത്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതിന്റെ പേരിൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി.
സ്വപ്ന സുരേഷ് ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ വിശദീകരണത്തെ തുടർന്ന് ജസ്റ്റീസ് വിജു എബ്രഹാമിന്റെ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
ഷാജ് കിരണിനെ ഇഡി ചോദ്യംചെയ്തു
മുഖ്യമന്ത്രിയുടെ ദൂതനെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
ഇന്നലെ കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിൽ ഷാജിന്റെ സുഹൃത്ത് ഇബ്രാഹിമും ഹാജരായി. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഇരുവരെയും ചോദ്യംചെയ്തത്. രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് ഇടപെട്ടതായി സ്വപ്ന ആരോപിച്ചിരുന്നു.
സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്കു കൈമാറിയതായി ഷാജ് കിരണ്‍ പറഞ്ഞു. അനധികൃതമായി ഒന്നും നേടിയിട്ടില്ല.
ക്രൈംബ്രാഞ്ചിനോടു പറഞ്ഞതുതന്നെയാണ് ഇഡിയോടും പറഞ്ഞത്. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിനു കൈമാറിയതായും സ്വപ്നയ്ക്ക് എന്തു വേണമെങ്കിലും പറയാമല്ലോ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷാജ് കിരണ്‍ പറഞ്ഞു.
ഫോണിൽ വിളിച്ച് ഇഡി ആവശ്യപ്പെട്ട പ്രകാരമാണു ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഇബ്രാഹിം പറഞ്ഞു. ഇബ്രാഹിമിന് എല്ലാം അറിയാമെന്നു ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നു.
സ്വപ്നയുടെ രഹസ്യമൊഴി വിശദമായി പരിശോധിച്ചശേഷമാണ് ഇരുവരെയും വിളിച്ചുവരുത്തി ഇഡി ചോദ്യംചെയ്തത്.