കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍.
കേസില്‍ യുഎഇ കോണ്‍സുലേറ്റിന് മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. 1961 ലെ വിയന്ന കണ്വന്ഷന് നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പു നല്കുന്ന പരിരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താനല്ല കോണ്‍സുലേറ്റാണ് സ്വര്‍ണം കടത്തലിന് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ജാമ്യഹര്‍ജിയിലൂടെ സ്വപ്ന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണ പരിമിതികളുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനും നയതന്ത്രപരമായ ഒട്ടേറെ തടസങ്ങളുണ്ട്.
ഇതു മനസിലാക്കിക്കൊണ്ടു തന്നെയാണ് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പറയുന്നത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ കോണ്‍സുല്‍ ജനറലിന്റെ മൊഴിയെടുക്കലുള്പ്പെടെയുള്ള കാര്യങ്ങള്‍ അസാധ്യമാണ്.
കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് രാജിവച്ചെങ്കിലും അവര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ജോലി ചെയ്തു സഹായിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഡിപ്ലോമാറ്റിക് ബാഗ് ഏറ്റുവാങ്ങാന്‍ പിആര്‍ഒയാണ് പോകുന്നത്. തനിക്ക് കാര്‍ഗോ കോംപ്ലക്സിലോ കസ്റ്റംസ് ഓഫീസിലോ പോകേണ്ടതില്ല.
ഈ സാഹചര്യത്തില്‍ സംഭവവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗിന്റെ കസ്റ്റംസ് ക്ലിയറന്‍സ് വൈകുന്നതിനെക്കുറിച്ച് പരിശോധിച്ച് അറിയാന്‍ റാഷിദ് ഖാമിസ് അല്‍ ഷിമേലി ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂലൈ ഒന്നിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ ഫോണില്‍ വിളിച്ചത്.
പിന്നീട് ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് അസി. കമ്മിഷണര്‍ക്ക് കത്തു തയാറാക്കാന്‍ കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചു. ഇതു കോണ്‍സുലിന്റെ ഔദ്യോഗിക മെയില്‍ വഴി തയാറാക്കി അയച്ചു.
എന്നാല്‍ ബാഗ് തുറന്നു പരിശോധിക്കാന്‍ കോണ്‍സുല്‍ ജനറല്‍ ജൂലൈ അഞ്ചിന് ഹാജരാകണമെന്നുമുള്ള നോട്ടീസാണ് മറുപടിയായി ലഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
2016 ല്‍ കോണ്‍സുലേറ്റിലെ ജോലി രാജിവച്ചപ്പോള്‍ അന്നത്തെ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി തന്റെ സേവനത്തെ പ്രകീര്‍ത്തിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതു വ്യാജമാണെന്ന പ്രചാരണം ശരിയല്ല.
ഷാര്‍ജ ഭരണാധികാരിയും യുഎഇയിലെ മറ്റു രാജകുടുംബാംഗങ്ങളും കേരളം സന്ദര്‍ശിച്ചപ്പോള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ മുന്നില്‍ നിന്നു. യുഎഇയില്‍ നിന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരും വിനോദ സഞ്ചാരികളും രോഗികളുമൊക്കെ എത്തുമ്പോള്‍ കോണ്‍സുലേറ്റിന്റെ ഭാഗമായി സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
ഇവയൊക്കെ കണക്കിലെടുത്താണ് 50 ജീവനക്കാരുള്ള ഓഫീസിലെ മികച്ച ജീവനക്കാരിയാണെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
2016 മുതല്‍ 2019 സെപ്റ്റംബര്‍ വരെ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. പിന്നീട് രാജിവെച്ച് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയിലെ കരാര്‍ ജീവനക്കാരിയായി.
ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ല. അന്വേഷണ ഉദ്യോഗസ്ഥനോടു ഒന്നും പറയാനില്ല. തന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാനുമില്ല. ഇതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിലെ കരാര്‍ ജീവനക്കാരിയായ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ സ്ഥാപിത താല്പര്യത്തിനു വേണ്ടി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വപ്നയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി ഹാജരാകുന്നത്.