കോഴിക്കോട്: നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.
കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശി റമീസുള്‍പ്പെടെ അറസ്റ്റ് ചെയ്ത പ്രതികളുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സ്വപ്നയ്ക്കായി പ്രത്യേക ചോദ്യാവലിയും കസ്റ്റംസ് തയാറാക്കുന്നുണ്ട്.
കേസില്‍ സ്വപ്നയ്ക്ക് പങ്കുള്ളതിനാല്‍ കസ്റ്റംസിന്റെ അന്വേഷണസംഘത്തില്‍ വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചിരുന്നു. ഈ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലായിരിക്കും സ്വപ്നയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.
ചോദ്യം ചെയ്യലിനോട് സ്വപ്ന സഹകരിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അല്ലാത്തപക്ഷം നേരത്തെ അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മതമുള്പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യും.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്കുമാറിനെയും റമീസിനെയും മറ്റും ചോദ്യം ചെയ്ത കസ്റ്റംസ് പരമാവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് താഴെത്തട്ടിലുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ വീടുകളിലും മറ്റും പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് മുഖ്യപ്രതിയായ സ്വപ്നയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോകുന്നത്. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചിരുന്നില്ല.
എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്നയെ അവിടെവച്ച് തന്നെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് ചോദിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് വീണ്ടും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഈ അപേക്ഷയില്‍ ഇന്നോ നാളെയോ കോടതി അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് അന്വേഷണസംഘം. ആഴ്ചകള്‍ കഴിഞ്ഞിട്ടും കസ്റ്റംസിനു സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിക്കാത്തതും അറസ്റ്റ് രേഖപ്പെടുത്താനാവാത്തതും അന്വേഷണത്തിനു തടസമായി മാറിയിരുന്നു.
എന്‍ഐഎയ്ക്ക് പിന്നാലെ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടി സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങിയതോടെ കസ്റ്റംസ് കൂടുതല്‍ പ്രതിസന്ധിയിലായി.
സ്വര്‍ണക്കടത്ത് പിടികൂടിയതും ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തും കസ്റ്റംസാണെങ്കിലും മറ്റുള്ള ഏജന്‍സികള്‍ പൂര്‍ണമായും അവഗണിക്കുന്ന സ്ഥിതിയായിരുന്നുള്ളത്. ഇക്കാര്യം ബോധ്യമായ കേന്ദ്ര ഏജന്‍സികള്‍ പിന്നീട് സമവായത്തിലെത്തുകയായിരുന്നു.