തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതിലെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം പ്രതിസന്ധിയിൽ.
ശബ്ദരേഖയുമായി ബന്ധപ്പെട്ടു സ്വപ്നയുടെ മൊഴിയെടുക്കാൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിനു പ്രതിസന്ധിയാകുന്നത്.
സ്വപ്നയുടെ മൊഴിയെടുക്കാനായി ഹൈടെക് സെൽ എസ്പി ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘം ജയിൽ അധികൃതർക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധിതൃതർ കസ്റ്റംസിനോട് അനുമതി തേടി.
എന്നാൽ, ഡിസംബർ ഒന്നു വരെ കസ്റ്റംസ് കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാനാകില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഇക്കാര്യം ജയിൽ അധികൃതർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.
തുടർന്ന് അതിനുശേഷം സ്വപ്നയുടെ മൊഴിയെടുക്കുന്നതിനും കസ്റ്റംസ് അനുമതി ആവശ്യമാണ്. കോടതിയുടെ അനുമതിയോടെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ, പ്രാഥമികാന്വേഷണത്തിനായി സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കാൻ നിയമതടസമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
കേസെടുത്ത് അന്വേഷണം നടത്തിയാൽ മാത്രമാണു കോടതിയുടെ അനുമതി ലഭിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്നായിരുന്നു സ്വപ്നയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തിലുണ്ടായിരുന്നത്. ജയിലിൽ വച്ചാണു ചോർന്നതെന്നാണ് ആരോപണം.
അന്വേഷണമാവശ്യപ്പെട്ടു ജയിൽ വകുപ്പ് കത്തു നൽകിയെങ്കിലും ജയിലിന് അകത്തു നിന്നല്ല ചോർന്നതെന്നതിനാൽ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിക്കു കത്ത് നൽകി.
ജയിൽ വകുപ്പ് ഇത് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി. തുടർന്നാണ് ഹൈടെക് സെൽ എഎസ്പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചത്.