തിരുവനന്തപുരം: നയതന്ത്ര പാഴ്സലിന്റെ മറവിൽ കോടികണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിന് വേണ്ടി കസ്റ്റംസ് അന്വേഷണം ഉൗർജിതമാക്കി.
സ്വപ്നാ സുരേഷിന് നിരവധി മൊബൈൽ ഫോണ് കണക്ഷനുകൾ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയ ശേഷവും സ്വപ്ന മറ്റൊരു നന്പരിൽ നിന്നും തന്റെ ഏറ്റവും അടുത്ത വിശ്വസ്തരെ വിളിച്ചിരുന്നതായി ഐബിയും കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുമായി അടുത്ത ബന്ധം പുലർത്തുന്ന സുഹൃത്തുക്കൾ ഇപ്പോൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
വ്യവസായ പ്രമുഖരും ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരും ഈ കൂട്ടത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതിൽ ചിലയാളുകളെ കസ്റ്റംസ് അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയാണ്.
സ്വപ്ന സുരേഷ് നാല് സിം കാർഡുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നന്പർ സ്വിച്ച് ഓഫ് ആയ നിലയിലാണ്. മൊബൈൽ ഫോണ് ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം കസ്റ്റംസ് നടത്തുമെന്ന് അറിയാവുന്ന പശ്ചാത്തലത്തിൽ അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങൾ സ്വപ്നയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കസ്റ്റംസ് കണക്ക് കൂട്ടുന്നുണ്ട്.
കേരളത്തിൽ തന്നെ സ്വപ്ന ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ രഹസ്യ ഒളിസങ്കേതത്തിൽ സ്വപ്ന ഉണ്ടാകാനാണ് കൂടുതൽ സാധ്യതയെന്നാണ് കണക്ക് കൂട്ടൽ. ഐബിയുടെയും എൻഫോഴ്സ്മെന്റിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്വപ്നയോടൊപ്പം സ്വർണക്കടത്തിന് കൂട്ടു നിന്ന സന്ദീപിന് വേണ്ടിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്. സ്വപ്നയും സന്ദീപും ഒരു സങ്കേതത്തിൽ തന്നെ കാണാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സന്ദീപ് നായർ കള്ളക്കടത്തിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ട് പേരിൽ നിന്നും ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ രാജ്യാന്തര സ്വർണക്കടത്തിലെ പല പ്രമുഖരുടെയും പങ്ക് പുറത്ത് വരാൻ ഇടയാക്കും. അതിനാൽ ഇവരെ അപകടത്തിൽപ്പെടുത്താൻ റാക്കറ്റിലെ പ്രമുഖർ ശ്രമിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
അതേ സമയം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ കീഴടങ്ങാൻ സ്വപ്ന തയാറായിട്ടുണ്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമങ്ങൾ നടക്കുന്നുണ്ട്.
യുഎഇ കോണ്സുലേറ്റിലെ ആർക്കൊക്കെ സ്വർണക്കടത്തിന് പിന്നിൽ ബന്ധമുണ്ടെന്ന് അറിയാൻ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമെ സാധിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഐഎഎസ് ഐപിഎസ് തലത്തിൽ ഉള്ള ഉദ്യോഗസ്ഥരുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള പോലീസിന്റെ സഹായം കൂടാതെയാണ് കസ്റ്റംസും കേന്ദ്ര ഏജൻസികളും ഇതേകുറിച്ച് അന്വേഷണം നടത്തുന്നത്. കേസ് ഉടൻ തന്നെ സിബിഐക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വളരെ ഗൗരവത്തോടെയാണ് നോക്കി ക്കാണുന്നത്. യുഎഇയും ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കള്ളക്കടത്ത് വഴി തീവ്രവാദ സംഘങ്ങൾക്ക് പണം ലഭിച്ചിട്ടുണ്ടൊ എന്നീ കാര്യങ്ങൾ അറിയാനാണ് യുഎഇയും ശ്രമിക്കുന്നത്.