തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് തിരുവനന്തപുരത്തു തന്നെയുണ്ടെന്ന് സൂചന.
തലസ്ഥാനം കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ സ്വപ്നയുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ഈ ഹോട്ടലിലും തിരുവനന്തപുരത്തെ ശാന്തിഗി രി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയതായി പ്രചരണമുണ്ടായിരുന്നു.
അ തേസമയം ശാന്തിഗിരി ആശ്രമത്തിൽ റെയ്ഡ് നടന്നിട്ടില്ലെന്നു ഗുരുരത്നം ജ്ഞാ നതപസി പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം അന്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ ഇന്നലെ വീണ്ടും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
അതേസമയം സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നും വിവരം ഉണ്ട്. മുൻകൂർ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
രണ്ടു ദിവസം മുൻപ് സ്വപ്ന അന്പലമുക്കിലെ ഫ്ളാറ്റിൽ എത്തിയിരുന്നു. സ്വപ്ന ഇവിടെ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നു. ഈ വിവരം ചോർന്നു കിട്ടിയെന്നും അപകടം മണത്ത സ്വപ്ന ഒളിവിൽ പോവുകയുമായിരുന്നെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
അതുകൊണ്ടു തന്നെ സ്വപ്ന ഒളിവിൽ കഴിയുന്നത് ഉന്നതരുടെ സഹായത്തോടെയാണെന്ന നിഗമനത്തിനാണ് സംഘം ഊന്നൽ നൽകുന്നത്.