കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാം പ്രതിയാണെങ്കിലും സംഭവത്തിന് പിന്നിലെ പ്രധാനി ഫാസില്‍ ഫരീദെന്ന് സൂചന.
അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ മൂന്നാം പ്രതിയാണ് ഫാസില്‍ ഫരീദ്. ഇയാള്‍ക്കായി അന്വേഷണം ദുബായിയിലേക്കും വ്യാപിക്കുമെന്നാണ് സൂചന. ഫാസില്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് പിടിയിലായ സരിത്ത് മൊഴി നല്‍കിയിരുന്നു.
കോണ്‍സുലേറ്റിന്റെ പേരില്‍ ഫാസിലാണ് ബാഗേജ് അയച്ചതെന്നും സരിത് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ത്തിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബാഗേജുകള്‍ സരിത്ത് ഏറ്റുവാങ്ങിയ ശേഷം ഫാസിലിന്റെ അനുയായികള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് എന്‍ഐഎയുടെ നിഗമനം.
സ്വര്‍ണക്കടത്ത് മേഖലയിൽ കേട്ടുപരിചയമുള്ള പേരല്ല ഫാസില്‍ ഫരീദിന്റേത്. അതിനാല്‍ ഇയാളക്കുറിച്ചുള്ള വ്യാപക അന്വേഷണത്തിലാണ് എന്‍ഐഎയും യുഎഇ അധികൃതരും. പേര് വ്യാജമാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
കൊച്ചി സ്വദേശിയായ ഫാസില്‍ യുഎഇയില്‍ സ്റ്റേഷനറി കട നടത്തുകയാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഷാര്‍ജയില്‍ ലോജിസ്റ്റിക് ഷോപ്പുമുണ്ടെന്ന് പറയപ്പെടുന്നു.
തീവ്രവാദക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവിന്റെ അടുത്ത അനുയായിയുടെ സഹായിയായിരുന്ന ഇയാള്‍ മുമ്പ് ദുബായിയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ചോര്‍ത്തി നല്കി കസ്റ്റംസിന്റെ വിശ്വാസ്യത നേടിയ ശേഷം വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നതായും വിവരമുണ്ട്.
എന്‍ഐഎ ഏറ്റെടുത്തതോടെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ധ്രുതഗതിയിലായിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ എന്‍ഐഎ സംഘം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസിലെത്തി കേസിന്റെ തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ചോദിച്ചറിയുകയും പ്രതികളെക്കുറിച്ച് ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ കസ്റ്റംസ് കൈമാറുകയും ചെയ്തു.
ഇന്നലെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരായ ക്ലിയറിംഗ് ഏജന്റ് ഹരിരാജിനെ എൻഐഎയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. പ്രതികള്‍ക്കെതിരേ യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരുമായി ഹരിരാജനുള്ള ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.
ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനും സന്ദീപിനുമായി അന്വേഷണം ഊര്‍ജതമാക്കിയിട്ടുണ്ട്. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ അധികനാള്‍ ഇവര്‍ക്ക് ഒളിവിലിരിക്കാന്‍ സാധിക്കില്ലെന്നാണ് നിഗമനം.