തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറു വനിതാ പോലീസുകാരേയും സസ്പെൻഡു ചെയ്യണമെന്ന് റിട്ടയേഡ് എസ്പി ജോർജ് ജോസഫ്.
സ്വപ്നയെ സിനിമാതാരത്തെ പോലെ കാണുകയായിരുന്നു യൂണിഫോമിട്ട പോലീസുകാരെന്നു വേണം കരുതാൻ. ഇത് വളരെ ഗുരുതരമായ കുറ്റം തന്നെയാണെന്നും ജോർജ് ജോസഫ് പറഞ്ഞു.
ഒരു കേസിലെ പ്രതിയായ ഒരാളോട് പോലീസിലെ ആരും ഇത്ര മമത കാണിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗതുകത്തിന് എടുത്തതാണ് സെൽഫിയെന്ന വാദത്തേയും അദ്ദേഹം വിമർശിച്ചു.
സെൽഫിയെടുത്ത വനിതാ പോലീസുകാർക്ക് ഡിസിപ്ലിൻ ഇല്ല. കേരള പോലീസിന്റെ ട്രെയിനിംഗ് കിട്ടിയവർക്ക് ഡിസിപ്ലിനുണ്ടാകും. രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ വെളിയിൽ വിടാൻ പാടില്ല. അത്തരം കാര്യങ്ങൾ സംയമനത്തോടെ കാണണം.
സാധാരണ സ്കൂൾ കുട്ടികൾ ചെയ്യുന്ന പ്രവൃത്തിപോലെയാണ് യൂണിഫോമിട്ട വനിതാപോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇവർക്ക് നല്ല ട്രെയിനിംഗ് കിട്ടിയിട്ടില്ലെന്നാണ് ഇതിന്റെയൊക്കെ അർത്ഥം.
പോലീസ് എന്താണെന്നോ പോലീസിന്റെ നടപടിക്രമം എന്താണെന്നോ ഇവർക്ക് അറിഞ്ഞുകൂട. ആ ആറു പേരും അണ്‍ഫിറ്റ് ടു ദി ഡിപ്പാർട്ട്മെന്റ് ആണെന്നും ജോർജ് ജോസഫ് പറഞ്ഞു.