എം.സുരേഷ് ബാബു
തിരുവനന്തപുരം: സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്നാസുരേഷ് വെളിപ്പെടുത്തലുകൾ നടത്തിയ സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് എഫ്ഐആർ.
സ്വപ്ന സുരേഷിനെതിരെയും പി.സി ജോർജിനെതിരെയും കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും.
അന്വേഷണത്തിനായി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
എഡിജിപിയുടെ മേൽനോട്ടത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സൈബർസെൽ വിദഗ്ധരും സംഘത്തിലുണ്ടാകും.
സർക്കാരിനെതിരെ കലാപം ഉണ്ടാക്കാൻ സ്വപ്നസുരേഷും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരമാണ് കന്റോണ്മെന്റ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഐപിസി 120 ബി, 153 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനെയും ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാഖറെയെയും വരുത്തിയിരുന്നു.
ഇതിന് പിന്നാലെ മുൻ മന്ത്രി കെ.ടി.ജലിൽ കന്റോണ്മെന്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കന്റോണ്മെന്റ് പോലീസ് സ്വപ്നക്കും ജോർജിനുമെതിരെ കേസെടുത്തത്.
കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടത്തിയെന്നാണ് ഇരുവർക്കുമെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
സ്വപ്നാ സുരേഷിന്റെയും പി.സി.ജോർജിന്റെയും വാർത്താസമ്മേളനങ്ങൾ പോലീസ് പരിശോധിക്കും. ഡിജിറ്റൽ തെളിവുകളും പരിശോധിക്കും.
പരാതിക്കാരനായ കെ.ടി.ജലീലിൽ നിന്നും കന്റോണ്മെന്റ് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
സ്വപ്നയെയും പി.സി.ജോർജിനെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. പ്രാഥമിക അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്.
പി.സി ജോർജുമായി ഈ വിഷയം സംസാരിച്ച സരിതയെയും പോലീസ് ചോദ്യം ചെയ്യും. നിയമവിദഗ്ധർ നൽകുന്ന മറ്റൊരു കാര്യം സംഭവം നടന്നിരിക്കുന്ന സ്ഥലം എറണാകുളം ജില്ലയിലാണ് .
അതിനാൽ കന്റോ ണ്മെന്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് തിരിച്ചടിയാകുമൊയെന്ന സംശയവും നിയമവിദഗ്ധർ ഉന്നയിക്കുന്നുണ്ട്.
അതേ സമയം ഇന്നലെ വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയയ്ക്കും.
അതേസമയം ലൈഫ് മിഷൻ കേസിന്റെ സമയത്ത് താൻ ഉപയോഗിച്ചിരുന്നത് ഈ ഫോൺ അല്ലെന്നു സരിത് വ്യക്തമാക്കി.