തിരുവനന്തപുരം: ജയിലിൽ കിടന്നപ്പോൾ അനുഭവിച്ചതിനേക്കാൾ വേദന തോന്നിയത് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞപ്പോഴാണെന്ന് സ്വപ്ന സുരേഷ്.
തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നുവെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
തന്നെ നിശബ്ദയാക്കി ജയിലിൽ അടയ്ക്കാനായാണ് സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎയെ കൊണ്ടുവന്നത്.
ഇതിനു പിന്നിൽ ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് അറിയാൻ കഴിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി.
കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കര്‍ അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും സ്വപ്ന പറഞ്ഞു.
ഒരവസരം വന്നപ്പോൾ എല്ലാവരും തന്റെ തലയിൽ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാൽ തനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളം
നയതന്ത്ര ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണ്.
ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നു. താനും ശിവശങ്കറും തമ്മിലുള്ള ബന്ധം വിവരിച്ച് വലിയ പുസ്തകം എഴുതാനാകും.
പക്ഷേ പുസ്തകം എഴുതുമ്പോള്‍ തുടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു.
ഞാൻ പുസ്തകമെഴുതിയാൽ…
ശിവശങ്കറിനെപ്പറ്റി ഞാൻ പുസ്തകമെഴുതിയാൽ ഒരുപാട് രഹസ്യങ്ങൾ പുറത്തുവരും.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഢ്ഢികളാക്കുകയാണ് ശിവശങ്കർ.
കോണ്‍സല്‍ ജനറല്‍ പറഞ്ഞിട്ടാണ് ശിവശങ്കറിന് ഫോണ്‍ നല്‍കിയത്. താന്‍ ചതിച്ചെന്ന് വരുത്തി തീര്‍ത്തിട്ട് എന്തു കിട്ടാനാണെന്നും സ്വപ്ന ചോദിക്കുന്നു.
വഴിയില്‍ കിടന്ന ഒരുപാട് തേങ്ങകള്‍ താന്‍ ശിവശങ്കര്‍ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം ആത്മകഥയില്‍ എഴുതിയില്ലെന്ന് ഐഫോൺ നൽകിയതിനെ പരാമർശിച്ച് സ്വപ്ന ചോദിക്കുന്നു.
ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം
ശിവശങ്കർ പറഞ്ഞതെല്ലാം താൻ കണ്ണുമടച്ച് വിശ്വസിച്ചു. വിആർഎസ് എടുത്തശേഷം ദുബായിൽ താമസമാക്കാമെന്ന് ശിവശങ്കർ വാക്കു തന്നിരുന്നതായും സ്വപ്ന പറയുന്നു.
ലൈഫ് മിഷൻ കരാറിൽ യൂണിടാക് കന്പനിയെ കൊണ്ടുവന്നതും ശിവശങ്കറിന്റെ അറിവോടെയാണ്. ശിവശങ്കറിന് സമ്മാനിച്ച ഐഫോൺ യൂണിടാക് സമ്മാനിച്ചതാണ്.
മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ഉണ്ടായിരുന്നു. ഔദ്യോഗിക വസതിയിലും സ്വകാര്യ ഫ്ളാറ്റിലും പോയിട്ടുണ്ട്.
പക്ഷെ അദ്ദേഹത്തെ ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബവുമായും മുൻമന്ത്രി കെ.ടി.ജലീലുമായും ഔദ്യോഗിക ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും സ്വപ്ന പറയുന്നു.
അശ്വത്ഥാമാവ് വെറും ഒരു ആന എന്ന എം.ശിവശങ്കറിന്റെ ആത്മകഥ പുറത്തു വന്നതിനു പിന്നാലെയാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.