ആലപ്പുഴ: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ തുറവൂർ പള്ളിത്തോട് സ്വദേശിക്കായി വലവിരിച്ച് എൻഐഎയും കസ്റ്റംസും.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തിരുവനന്തുപരത്തു നിന്നു മുങ്ങി ആദ്യം എത്തുന്നത് പള്ളിത്തോട്ടിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നെന്നു പറയുന്നു.
ഈ സമയം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നതായും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം അടുത്തയാളാണ് പള്ളിത്തോട് സ്വദേശിയെന്നും ഉന്നത രാഷ്ട്രീയബന്ധങ്ങളുടെ ഇയാളുടെ വളർച്ച കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നതും.
ഇയാൾ ഉപയോഗിക്കുന്ന കെഎൽ വണ് എഎഫ് തുടങ്ങുന്ന നന്പറുള്ള വാഹനം നേരത്തെ ഒരു മന്ത്രിപ്രമുഖൻ മുന്പ് ഉപയോഗിച്ചിരുന്നതാണെന്നും പറയുന്നുണ്ട്. ഈ കാറിലാണോ സ്വർണക്കടത്ത് കേസിലെ പ്രതികൾ തുടക്കത്തിൽ സംസ്ഥാനം വിട്ടതെന്നും സംശയമുയരുന്നു.
വളരെ നിഗൂഢതകൾ നിറഞ്ഞതാണ് പള്ളിത്തോട് സ്വദേശിയുടെ വളർച്ചയെന്നാണ് നാട്ടുകാരിൽ പലരും ആരോപിക്കുന്നത്. ഡിഗ്രി വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ലെന്നു പറയുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥരടക്കം നിത്യസന്ദർശകരുമാണത്രെ.
സംസ്ഥാനത്തെ മന്ത്രിമാരും പാർട്ടി നേതാക്കളും പലപ്പോഴും ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നതായും സത്കാരങ്ങൾ നടത്തിയിരുന്നതായും പരിസരവാസികൾ പറയുന്നുണ്ട്. അരൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്രമിച്ചതും ഇവിടെയായിരുന്നു.
ആലപ്പുഴ നഗരത്തിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് പള്ളിത്തോട്ടിലെ കുടുബ വീട്ടിലേക്കു താമസം മാറി. ആദ്യകാലത്ത് വി.എസ് ഗ്രൂപ്പിലായിരുന്നുവെന്നും പറയുന്നു. പിന്നീടാണ് പിണറായി ഗ്രൂപ്പിലേക്കു ചേക്കേറിയത്.
വി.എസിനെതിരെ നിലയുറപ്പിച്ചിരുന്ന വ്യവസായിയുടെ കേരളത്തിലെ മുഴുവൻ ഇടപാടുകളുടേയും നിയന്ത്രണം ഇയാളാണെന്നും പറയുന്നുണ്ട്. കേരളത്തിലും തമിഴ് നാട്ടിലും വൻതോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇദ്ദേഹം വഴി നടന്നിട്ടുള്ളതായും പറയപ്പെടുന്നു.
ഇദ്ദേഹത്തിന് പങ്കുള്ള എരമല്ലൂരിലുള്ള ഒരു ചെറിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഈ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരാണ് പങ്കെടുത്തത്.
ഇദ്ദേഹത്തിന്റെ വീടിനു ചുറ്റും വലിയ മതിൽക്കെട്ടാണ് നിർമിച്ചിരിക്കുന്നത്.
മുന്പ് ഇദ്ദേഹത്തിന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഒരു മന്ത്രി വരികയും അന്നു തകർന്നു കിടന്നിരുന്ന പള്ളിത്തോട്-ചാവടി റോഡ് പുതുക്കിപ്പണിയാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ഉത്തരവിട്ടതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
മന്ത്രി പ്രമുഖരുടെ മാനസപുത്രൻ എന്നറിയപ്പെടുന്ന ഇയാളെ പിടികൂടുന്നതോടെ സംസ്ഥാനത്തെ പല വന്പൻനമാരുടെയും ബെനാമി ഇടപാടുകളുടേയും ചുരുളഴിയുമെന്നാണ് പറയുന്നതും.