സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ ഫോണുകൾ ഉന്നതർക്കു നൽകിയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനു പിന്നാലെ, സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്.
ലൈഫ് പദ്ധതി ലഭിക്കാൻ സ്വപ്ന സുരേഷ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വഴി വിതരണം ചെയ്ത അഞ്ച് ഐ ഫോണുകൾ കണ്ടെത്താനാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത്.
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെ തിങ്കളാഴ്ച വിജിലൻസിന്റെ പ്രത്യേക സംഘം ചോദ്യംചെയ്യാനാണു നീക്കം. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപ് നായരെയും ചോദ്യം ചെയ്യും.
നേരത്തെ കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴി തൃശൂർ വിയ്യൂർ ജയിലിൽ എത്തി ശേഖരിച്ചിരുന്നു. ലൈഫ് പദ്ധതി ലഭിക്കാനായി സന്തോഷ് ഈപ്പൻ പണമായി നൽകിയ കമ്മീഷനു പുറമേ അഞ്ച് ഐ ഫോണുകളും നൽകിയതായി കണ്ടെത്തിയിരുന്നു.
ഇതിൽ ഒരെണ്ണം കേസിൽ അറസ്റ്റിലായ എം. ശിവശങ്കറിനാണു നൽകിയതെന്നു കണ്ടെത്തിയിരുന്നു. മറ്റു മൂന്നു ഫോണുകൾ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം നൽകിയതായാണു കണ്ടെത്തൽ.
ഏറ്റവും വിലയേറിയ അഞ്ചാമത്തെ ഫോണ് ആർക്കു നൽകിയെന്നു കണ്ടെത്തുന്നതിനായാണു ചോദ്യംചെയ്യലെന്നാണു പറയുന്നത്. വിലയേറിയ ഫോണ് നൽകിയതു സംബന്ധിച്ച് ഏറെ ദുരൂഹതയുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു.
എന്നാൽ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനു പിന്നാലെ വിജിലൻസ് ചോദ്യംചെയ്യാനൊരുങ്ങുന്നത് കേസ് അട്ടിമറിക്കാനാ ണെന്ന ആരോപണമുണ്ട്.